രക്തസാക്ഷികളെത്രയുണ്ടായാലും ലോകത്തിനൊന്നുമില്ല; പക്ഷേ ഒരു കുടുംബത്തിന്റെ ലോകം അവസാനിച്ചുപോകും

ശുഹൈബിന്റെ മരണശേഷം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു പ്രൊഫൈല്‍ ചിത്രമുണ്ട്. ഒരു മൂന്ന് വയസ്സുകാരന്റെ കൈപിടിച്ച് നില്‍ക്കുന്ന അദൃശ്യനായ ഒരു യുവാവിന്റെ ചിത്രം. അദൃശ്യനെന്നാല്‍ ആ ചിത്രത്തിന് ആള്‍രൂപം മാത്രമേയുള്ളൂ. അവിടെ ഉണ്ടായിരുന്നയാള്‍ ഇന്ന് ജീവനോടെയില്ല. എന്നാല്‍ മിടുക്കനായൊരു ആണ്‍കുട്ടിയുടെ ചിത്രം മിഴിവോടെ നമ്മെ നോക്കുന്നു. അത് ശുഹൈബിന്റെ ഇളയ സഹേദരിയുടെ കുട്ടിയായിരുന്നു. ആ കുഞ്ഞ് ഇപ്പോഴും ശുഹൈബിനെ അന്വേഷിക്കുന്നു.

ഈ ചിത്രം ഇതൊരു പ്രതീകമാണ്. തങ്ങളുടെ കൈപിടിച്ച് കൂടെ നിന്നവരെ അദൃശ്യരാക്കിയ കേരളമനസാക്ഷിയോട് ഞങ്ങളുടെ അച്ഛനെവിടെ എന്ന് ഒരുപാട് കുഞ്ഞുങ്ങളുടെ കരളലിയിക്കുന്ന ചോദ്യത്തിന്റെ പ്രതീകം. ഇനിയീ വലിയ ലോകത്ത് ഞങ്ങളെങ്ങനെ ജീവിക്കുമെന്ന നിസ്സഹായത. സങ്കടം വന്നാല്‍ ആരെയൊന്ന് കെട്ടിപ്പിടിക്കുമെന്ന്, കൂട്ടുകാരോട് വഴക്കിട്ടാല്‍ ആരോട് പോയി പരാതി പറയുമെന്ന്, വൈകുന്നേരം പടി കടന്നുവരാറുള്ള ആ പതിവ് പലഹാരപൊതിക്കായി ഇനിയാരെ കാത്തുനില്‍ക്കണമെന്ന് അങ്ങനെയങ്ങനെ ചങ്ക് തകര്‍ക്കുന്ന ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളുടെ പ്രതീകം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിനെ നടുക്കുമ്പോഴൊക്കെയും ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പലതാണ്. പാര്‍ട്ടി ഏതായാലും മതമേതായാലും എല്ലാവര്‍ക്കും വ്യക്തമായ ഒരു കാര്യമുണ്ടാകും, ക്രൂരമായി കൊല്ലപ്പെടാന്‍ മാത്രം കൊടുംപാപിയല്ല ആ മനുഷ്യന്‍. അതിനുമാത്രമുള്ള തെറ്റുകളൊന്നുംതന്നെ അയാളുടെ ഭാഗത്തില്ല എന്ന്. ഒരു ജീവന്‍ പൊലിഞ്ഞുകഴിഞ്ഞിട്ട് ഇങ്ങനെയുള്ള നിസ്സഹായതയുടെ വാക്കുകള്‍ കൊണ്ട് എന്ത് പ്രയോജനമാണുള്ളത്.

എത്രയോ നികൃഷ്ട ജന്മങ്ങള്‍ ഒളിച്ചിരിക്കുന്ന ഇടമാണ് നമ്മുടെ സമൂഹം. പിഞ്ചുകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ചുകൊലപ്പെടുത്തുകയും വാര്‍ധക്യത്തില്‍ ഭാരമായെന്ന് തോന്നുമ്പോള്‍ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടുപോയാക്കാനും വേണമെങ്കില്‍ കൊന്നുകളയാനും മടിയില്ലാത്ത വലിയൊരു വിഭാഗം മനസാക്ഷിയില്ലാത്തവര്‍ ഇവിടെ ഇപ്പോഴും സന്തുഷ്ടരായി ജീവിക്കുന്നു. ഇവരെയൊന്നും ആര്‍ക്കും ചോദ്യം ചെയ്യണ്ട. ഇവരുടെയൊന്നും നേര്‍ക്ക് ആര്‍ക്കും കൈകളുയര്‍ത്തണ്ട. ഇവരൊക്കെ എല്ലാ അവകാശങ്ങളോടെയും അവസാനം വരെ ജീവിക്കാന്‍ ഭാഗ്യപ്പെട്ടവരാണ്.

ക്രൂരമായി കൊല്ലപ്പെടണമെങ്കില്‍ ഇത്തരം കുഞ്ഞുകുഞ്ഞു തെറ്റുകള്‍ പോരാ, അതിന് പാര്‍ട്ടിയോഫീസിന് നേരെ കല്ലെറിയണം, മറ്റേ പാര്‍ട്ടിയുടെ കൊടി പിഴുതുമാറ്റണം. തെറ്റാണെന്ന് തോന്നുന്നതിനെയൊക്കെ ചോദ്യം ചെയ്യണം. പിന്നെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളിലൊക്കെ ഇടപെടണം. അങ്ങനെ എതിര്‍ പാര്‍ട്ടിക്കാരനെ രൂക്ഷമായി നോക്കിയെന്നും പേടിപ്പിച്ചെന്നും അപമാനിച്ചെന്നുമൊക്കെ ചൂണ്ടിക്കാട്ടി കൊന്നൊടുക്കുന്നത് മുഴുവന്‍ നമ്മുടെ യുവജനങ്ങളെയാണ്. കൊല്ലുന്നതും അവര്‍ തന്നെയാണ്.

പ്രതിയെന്നോ വാദിയെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരെയായി എടുത്തു നോക്കിയാല്‍ അവരൊക്കെയും വ്യക്തിജീവിതത്തില്‍ എന്തൊക്കെയോ സവിശേഷതകളുള്ളവരായിരിക്കും. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇവരെല്ലാം തുല്യരാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ കളയാനും റെഡിയാണ് എന്ന മന്ത്രം ഇവരുടെയൊക്കെ തലച്ചോറിനുള്ളില്‍ അടിച്ചേല്‍പ്പിച്ചത് പോലെ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്.

ആ വിശ്വാസത്തെ ഇളക്കാന്‍ കഴിയില്ല. യുവത്വത്തിന്റെ മുഴുവന്‍ പ്രസരിപ്പും ഊര്‍ജ്ജവും ഇവരൊക്കെ നല്‍കുന്നത് ആ വിശ്വാസത്തിലാണ്. ആരെയും പേടിക്കേണ്ടതില്ലെന്ന ബോധ്യം. എന്തു സംഭവിച്ചാലും പ്രസ്ഥാനം കൂടെ നില്‍ക്കുമെന്ന ഉറപ്പ്. രക്തസാക്ഷിയാകുന്നവന്റെ കുടുംബം ആലംബമില്ലാതെ ഒറ്റപ്പെട്ട് പോകുന്നത് പലതവണ കണ്ടിട്ടും മനസിലാക്കാനാകാതെ പിന്നെയും ഉള്ളിലുറപ്പിച്ചിരിക്കുന്ന വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍.

ഓരോ രക്തസാക്ഷിയുടെ വീട്ടിലും ചില്ലിട്ട് തൂക്കേണ്ട ചിത്രം എന്ന അടിക്കുറിപ്പോടെ കേരളത്തിലെ എല്ലാ പാര്‍ട്ടിനേതാക്കളും ഒന്നിച്ചുനില്‍ക്കുന്നൊരു ഫോട്ടോ ഇടയ്ക്ക് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകാണാറുണ്ട്. അതുമാത്രമാണ് സത്യം എന്നിരിക്കിലും വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അണികളൊക്കെയും. ഈ യൗവനം അവസാനിക്കുമ്പോള്‍ ചെയ്തുകൂട്ടിയതൊക്കെയും തെറ്റായിരുന്നെന്ന് തിരിച്ചറിയുന്നൊരു കാലം വരുമ്പോഴേക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വിധം നിസ്സഹായരായിട്ടുണ്ടാകും.

ആവേശത്തോടെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പെട്ടന്നൊരു ദിവസം എവിടെനിന്നോ വന്നുവീഴുന്ന ബോംബിലും ആരോ വീശിയ വാള്‍ത്തലയിലും പിടഞ്ഞുതീരുമ്പോള്‍ നഷ്ടം അയാളുടെ കുടുംബത്തിന് മാത്രമാണ്. ലോകത്തിന് പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല. എന്നാല്‍ ഒരു കുടുംബത്തിന്റെ ലോകം അവസാനിച്ചുപോകും. ഇനിയെന്തെന്നറിയാതെ ഒരുപാട് യുവതികളും കുഞ്ഞുമക്കളും വൃദ്ധരായ മാതാപിതാക്കളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പകച്ചുനില്‍ക്കും.

കൊലപാതകത്തിന്റെ ആദ്യനാളുകളില്‍ നേതാക്കള്‍ പട്ടിണി കിടക്കും. യഥാര്‍ത്ഥ പ്രതികളെ പിടികൂടുംവരെ നിരാഹാരമെന്ന് മുറവിളി കൂട്ടും. കുടുംബത്തിനൊപ്പം എന്നുമുണ്ടാകുമെന്ന് വാക്കു നല്‍കും. ഒടുവിലെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞുപോകും. കൊല്ലപ്പെടാനുള്ള അടുത്ത ഇര രാവിലെ അമ്മയോട് ചായ വാങ്ങിക്കുടിച്ച് ഇപ്പ വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിക്കാണും. കൊല്ലാനുള്ളവന്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ മറ്റൊരിടത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top