ഗൗരി നേഘയുടെ മരണം: ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശ

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെഎസ് ശ്രീകലയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ബാലാവകാശ കമ്മീഷനും ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. അതേസമയം, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എസ് ജോണിനെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കി. ഫാദര്‍ സില്‍വി ആന്റണി പ്രിന്‍സിപ്പളായി ചുമതലയേറ്റു.

ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷപൂര്‍വം തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് എന്‍ഒസി റദ്ദാക്കാനുള്ള ശുപാര്‍ശയില്‍ എത്തിനില്‍ക്കുന്നത്. പ്രിന്‍സിപ്പളിനെ മാറ്റി നിര്‍ത്തണമെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദേശം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍ ആദ്യം അംഗീകരിച്ചിരുന്നില്ല. ഡിഡിഇ നല്‍കിയ നോട്ടീസ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനും വര്‍ഗീയവാദികളെ പ്രോത്സാഹിപ്പിക്കാനും ഉള്ളതാണെന്നായിരുന്നു മാനേജ്‌മെന്റിന്റെ ധിക്കാരപരമായ മറുപടി.

ഡിഡിഇയുടെ ഓഫീസില്‍ നിന്നുള്ള മാനസികപീഡനം സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ ആരോഗ്യസ്ഥിതി മോശമാക്കിയെന്ന് മാനേജ്‌മെന്റ് മറുപടി കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസവകുപ്പ് നല്‍കിയ നോട്ടീസിന് ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി മറുപടി നല്‍കിയതും വിദ്യാഭ്യാസ വകുപ്പിനെ ചൊടിപ്പിച്ചു. അടുത്ത അധ്യയന വര്‍ഷം എന്‍ഒസി റദ്ദ് ചെയ്യണമെന്നാണ് ശുപാര്‍ശയിലുള്ളത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രിന്‍സിപ്പള്‍ ഷെവലിയര്‍ ജോണിനെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഫാദര്‍ സില്‍വി ആന്റണി സകൂള്‍ പ്രിന്‍സിപ്പലായി സ്ഥാനമേറ്റു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top