സംസ്ഥാനത്ത് അസഹിഷ്ണുത വെച്ചുപൊറുപ്പിക്കില്ല, മുഖം നോക്കാതെ നടപടി; ശുഹൈബ് വധത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവിധത്തിലുള്ള അസഹിഷ്ണുതയും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവം നടന്ന് ഒരാഴ്ചയായിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതില്‍ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.

ശുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top