കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ദില്ലി: കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫിയ ജോര്‍ജിയ, മക്കളായ ക്ലേവിയര്‍, എല്ല ഗ്രേസ്, ഹഡ്രിയേന്‍ എന്നിവരോടൊപ്പമാണ് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ താജ്മഹല്‍ സന്ദര്‍ശിച്ചത്.

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദര്‍ശനം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും അക്ഷാര്‍ധ ക്ഷേത്രത്തിലും വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഫെബ്രുവരി 25ന് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും തിരിച്ചുപോകും. ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് ജസ്റ്റിന്‍ ട്രൂഡോ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും ഇന്ത്യന്‍ സന്ദര്‍ശന്തിന്റെ ലക്ഷ്യമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.

23ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രൂഡോ കൂടിക്കാഴ്ച നടത്തും. കാനഡയില്‍ സിഖ് സമുദായക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍ ചര്‍ച്ചചെയ്യും.

നാല് ഇന്ത്യന്‍ വംശജരായ മന്ത്രിമാരാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവിന്റെ മന്ത്രിസഭയിലുള്ളത്. ഗവണ്‍മെന്റിന്റെ മറ്റ് സുപ്രധാന ചുമതലകളില്‍ നിരവധി ഇന്ത്യന്‍ വംശജര്‍ നിയമിതരായിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top