അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ല; മകന്റെ മൃതദേഹം മെഡിക്കല്‍ കോളെജിന് നല്കി അമ്മ

ബാമന്റെ അമ്മ
റായ്പൂര്‍: മകന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനോ അന്ത്യകര്‍മ്മങ്ങള്‍ നടത്താനോ പണം ഇല്ലാത്തതിനാല്‍ മകന്റെ മൃതദേഹം ആശുപത്രിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി വിട്ടു നല്‍കിയിരിക്കുകയാണ് ഛത്തീസ്ഗഡിലെ ബാസ്തര്‍ സ്വദേശിയായ അമ്മ. ജഗദല്പ്പൂര് മെഡിക്കല്‍ കോളെജില്‍ വെച്ചാണ് ഇവരുടെ മകനായ ബാമന് മരിച്ചത്. എന്നാല്‍ മകന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാനുള്ള പണം അമ്മയുടെ കൈയില്‍ ഇല്ലായിരുന്നു.
റോഡിലൂടെ നടന്നു പോകുമ്പോള്‍ വാഹനം ഇടിച്ച് പരുക്ക് പറ്റിയ ബാമനെ ഫെബ്രുവരി 12 നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇടിച്ച വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. നാട്ടുകാരാണ് ഇയാളെ അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രണ്ട് ദിവസത്തെ ചികിത്സകള്‍ക്കു ശേഷം ഫെബ്രുവരി 15 ന് ബാമന് മരിച്ചു.

എന്നാല്‍ മകന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടു പോകാനോ അന്ത്യകര്‍മ്മങ്ങള്‍ നടത്താനോ പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ നിന്ന ബാമന്റെ അമ്മയേയും സഹോദരിയേയും മോര്‍ച്ചറി സൂക്ഷിക്കുന്ന ആളാണ് മൃതദേഹം മെഡിക്കല്‍ കോളെജിന് നല്കിയാല് മതിയെന്ന് പറഞ്ഞത്.
വളരെ പാവപ്പെട്ട കുടുംബത്തിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നും ബാമന്റെ സഹോദരി പറയുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചാലും ആരു തങ്ങളെ സഹായിക്കില്ലെന്നും സഹോദരി പറയുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക