കാവേരി നദീജലതര്‍ക്കം: സുപ്രിംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കമല്‍ഹാസന്‍

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാനുള്ള സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ യോജിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ നദീസംയോജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴീയൂ എന്ന് കമല്‍ഹാസന്‍ പറഞ്ഞു.

കര്‍ണാടകത്തിന് അധികജലം നല്‍കാന് വിധിച്ച സുപ്രിംകോടതി തമിഴ്‌നാടിന്റെ നിലവിലെ വിഹിതം വെട്ടിക്കുറച്ചത് തമിഴ്‌നാടിന് തിരിച്ചടിയായിരുന്നു. സര്‍ക്കാരിന് പറ്റിയ വീഴ്ച കാരണമാണ് വെള്ളത്തില്‍ കുറവ് വരുത്താന്‍ കോടതി തീരുമാനിച്ചതെന്നായിരുന്നു ഡിഎംകെ നേതാവ് സ്റ്റാലിന്റെ പ്രതികരണം.

എന്നാല്‍ സുപ്രിംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ കമല്‍ഹാസന്‍ കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ യോജിച്ചുപോകണമെന്നും അഭിപ്രായപ്പെട്ടു. മുന്‍പത്തെ അപേക്ഷിച്ച് തമിഴ്‌നാടിന്റെ ജലലഭ്യതയില്‍ കുറവ് വരുത്തിയെങ്കിലും ലഭിക്കുന്ന ജലം പാഴാക്കാതെ നോക്കണമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

2007 ലെ കാവേരി നദീജല ട്രിബ്യൂണലിന്റെ വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ണാടകത്തിന് 14.75 ഘനയടി ജലമാണ് അധികമായി ലഭിക്കുക. 177.25 ഘനയടി ജലമാണ് തമിഴ്‌നാടിന് ലഭിക്കുക. തമിഴ്‌നാടിന് നേരത്തെ 192 ടിഎംസിയായിരുന്നു ലഭിച്ചിരുന്നത്. 15ഘന അടി വിഹിതമാണ് തമിഴ്‌നാടിന് കുറഞ്ഞത്. തമിഴ്‌നാടിനുളള വിഹിതം കുറച്ച് കര്‍ണാടകയ്ക്ക് കൂടുതല്‍ ജലം അനുവദിച്ചിരിക്കുകയാണ് സുപ്രിം കോടതി.

കേരളത്തിനും പുതുച്ചേരിയ്ക്കും കൂടുതല്‍ ജലവിഹിതമില്ല. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top