ശതകോടി തട്ടിപ്പ്: നീരവ് ന്യുയോര്‍ക്കിലെ മാരിയറ്റ് ഹോട്ടലില്‍, പിഎന്‍ബി എട്ട് ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: ശതകോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ എട്ട് ജീവനക്കാരെ കൂടി പഞ്ചാബ് നാഷണല്‍ ബാങ്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ തട്ടിപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം 18 ആയി. നേരത്തെ പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ബാങ്കിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.

ജനറല്‍ മാനേജര്‍ തലത്തിലുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

നീരവ് മോദി

അതേസമയം, തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയും കുടുംബവും ന്യുയോര്‍ക്കിലേക്ക് കടന്നു. മാന്‍ഹട്ടനിലുള്ള മാരിയറ്റ് ഹോട്ടലില്‍ നീരവും കുടുംബവും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ മാഡിസണ്‍ അവന്യു ജ്യുവലറി സ്റ്റോറിന് തൊട്ടടുത്തുള്ള ജെഡബ്ല്യു മാരിയറ്റ് എസെക്‌സ് ഹൗസിലെ 36-ാം നിലയില്‍ നീരവും കുടുംബവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം നീരവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നീരവിനെ പിടികൂടാന്‍ കേന്ദ്രസര്‍‌ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

നീരവും ഭാര്യയും പുറത്താണെന്നും കുട്ടികള്‍ മാത്രമെ അപ്പാര്‍ട്ട്‌മെന്റില്‍ ഉള്ളൂവെന്നും ജീനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പ് വിവരം പുറത്തുവന്ന ദിവസം അപ്പാര്‍ട്ട്‌മെന്റിലേക്ക് നിരവധി ആളുകള്‍ വന്നിരുന്നു. നീരവും ഭാര്യയും പല തവണ പുറത്ത് പോയി തിരിച്ച് വന്നിരുന്നതായി ജീവനക്കാര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭാര്യ അമി, സഹോദരന്‍ നിഷാല്‍, ബിസിനസ് സുഹൃത്ത് മഹുല്‍ ചൊക്‌സി എന്നിവര്‍ക്കൊപ്പമാണ് നീരവ് രാജ്യം വിട്ടത്. നീരവും സഹോദരനും ജനുവരി ഒന്നിനും മറ്റ് രണ്ട് പേര്‍ ജനുവരി ആറിനും രാജ്യം വിട്ടതായാണ് സിബിഐ വ്യക്തമാക്കുന്നത്. നീരവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ് തുടരുകയാണ്.

കഴിഞ്ഞ ദിവസം നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. തന്റെ സ്വത്തുക്കള്‍ വിറ്റ് 6,000 കോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാമെന്ന് നീരവ് ഉറപ്പ് നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് (ബയേഴ്‌സ് ക്രെഡിറ്റ്) വഴിയാണ് നീരവ് 11, 400 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയത്. ബാങ്കിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ഈ വന്‍തട്ടിപ്പ് നടന്നത്. ഈട് നല്‍കാതെ ബാങ്കില്‍ നിന്നും ജാമ്യച്ചീട്ട് സ്വന്തമാക്കിയ നീരവ് ബിദേശബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കായി കോടിക്കണക്കിന് രൂപ വായ്പ എടുക്കുകയായിരുന്നു.

അടുത്തിടെ വീണ്ടും ബയേഴ്‌സ് ക്രെഡിറ്റിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. നേരത്തെ സഹായിച്ച ജീവനക്കാരന്‍ വിരമിച്ചത് അറിയാതെയായിരുന്നു നീരവ് വീണ്ടും ബാങ്കിനെ സമീപിച്ചത്. പുതിയ ഉദ്യോഗസ്ഥന്‍ ജാമ്യച്ചീട്ടിന് ഈട് ആവശ്യപ്പെട്ടു. എന്നാല്‍ ഈട് ഇല്ലാതെ തനിക്ക് നേരത്തെ ജാമ്യച്ചീട്ട് ലഭിച്ചിട്ടുണ്ടെന്ന് നീരവ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top