ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് നുണപ്രചരണം; താന്‍ കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനം നടത്താനല്ല; വിശദീകരണവുമായി അബ്ദുള്ള അല്‍ മര്‍സൂഖി

ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മര്‍സൂഖി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി പുലബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. മാധ്യമങ്ങള്‍ നുണ പ്രചാരണമാണ് നടത്തുന്നതെന്ന് തുറന്ന് പറയാനും അദ്ദേഹം തയ്യാറായി. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

മര്‍സൂഖിയുടെ വെളിപ്പെടുത്തലോടെ ബിനോയ് വിവാദത്തിന് അന്ത്യമാവുകയാണ്. ബിനോയ് വന്‍ തട്ടിപ്പ് നടത്തിയെന്നും പതിമൂന്ന് കോടി തട്ടിച്ചെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. ബിനോയ് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. മര്‍സൂഖി നല്‍കിയ പരാതിയില്‍ ഫെബ്രുവരി  അഞ്ചിനായിരുന്നു ദുബായില്‍ ബിനോയിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാവിലക്ക് ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top