നീരവ് മോദി നടത്തിയത് വിജയ് മല്യയെയും കടത്തിവെട്ടുന്ന തട്ടിപ്പ്; ഉത്തരവാദിത്വം പഞ്ചാബ് നാഷണല്‍ ബാങ്കിനെന്ന് റിസര്‍വ് ബാങ്ക്‌

നീരവ് മോദി, പഞ്ചാബ് നാഷണല്‍ ബാങ്ക്‌

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍(പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര
വ്യാപാരി നീരവ് മോദിക്ക് പണം അനുവദിച്ചതിലും വന്‍തോതില്‍ ബാങ്കിന് നഷ്ടം വന്നതിലും ഉത്തരവാദിത്വം പിഎന്‍ബിക്ക് തന്നെയാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വൃത്തങ്ങള്‍ അറിയിച്ചു. പണം അനുവദിക്കുന്നയാളെക്കുറിച്ച് കൃത്യമായ വിവരം അന്വേഷിക്കേണ്ടതിന്റെയും പണം അനുവദിക്കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതിന്റെയും ഉത്തരവാതിത്വം ബാങ്കുകള്‍ക്കാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പത്തോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ സസ്‌പെന്റ് ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കഴിഞ്ഞവര്‍ഷത്തെ അറ്റാദായം 1325 കോടി രൂപയാണ്. ഇതിന്റെ എട്ടര മടങ്ങാണ് 2011 മുതല്‍ നീരവ് മോദിയുടെ തട്ടിപ്പിലൂടെ ബാങ്കിന് ബാധ്യതയുണ്ടായിരിക്കുന്നത്. അതേസമയം, നീരവ് മോദിയുടെ തട്ടിപ്പിന്റെ വിവരം പുറത്തുവന്നതോടെ പിഎന്‍ബിയുടെ ഓഹരി മൂല്യം പത്ത് ശതമാനം ഇടിഞ്ഞിരിക്കുകയാണ്.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന്‌ വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ബല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു.

നീരവ് മോദിയുടെ അടുത്ത ബന്ധുക്കളുള്ളത് ബല്‍ജിയത്തിലാണ്. ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 85 -ാംസ്ഥാനത്ത് ഫോബ്‌സ് മാഗസിന്‍  ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.

മദ്യവ്യാപാരി വിജയ് മല്യ നടത്തിയ വെട്ടിപ്പിനെ കവച്ചുവയ്ക്കുന്ന സാമ്പത്തിക തട്ടിപ്പാണ് നീരവ് മോദി നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള 17 ബാങ്കുകളെ കബളിപ്പിച്ച് വിജയ് മല്യ നടത്തിയത് 9000 കോടിയുടെ തട്ടിപ്പാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലായിരുന്നു പ്രധാനമായും വായ്പ്പകള്‍ തരപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടണിലേക്ക് മുങ്ങിയ മല്യയെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുയാണ്. ഇതിനിടെയാണ് മല്യയുടെ വെട്ടിപ്പിനെ വെല്ലുന്ന മറ്റൊരു ബാങ്ക് വായ്പ്പാ വെട്ടിപ്പിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top