കലയില്‍ പ്രകാശിച്ചപ്പോലെ താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയണമെന്നില്ല; കമല്‍ഹാസനോട് ബി ഉണ്ണികൃഷ്ണന്‍

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. താങ്കള്‍ അഭിനയം നിറുത്തുന്നു എന്ന പ്രസ്താവന നടുക്കത്തോടേയും ദു:ഖത്തോടേയുമാണ് വായിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. സിനിമ കാണാന്‍ തുടങ്ങിയനാള്‍ മുതല്‍ കമല്‍ഹാസന്‍ തന്റെ  ഇഷ്ടനടനാണ്.

താന്‍ ആദ്യം കണ്ട കമല്‍ ചിത്രം വിഷ്ണുവിജയം എന്ന ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചിത്രമാണ്. ഷീലയെ വശീകരിക്കുന്ന പ്രതിനായക സ്വഭാവമുള്ള വിഷ്ണുവിന്റെ കട്ടഫാനായി ആദ്യ കാഴ്ച്ചയില്‍തന്നെ ഞാന്‍ മാറി. മലയാളികള്‍ കണ്ടന്തം വിട്ട ആദ്യ സിക്‌സ് പാക്ക് നടന്‍ താങ്കളാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ബാലചന്ദര്‍, ഭാരതിരാജ, മണിരത്‌നം, ശങ്കര്‍, കെ വിശ്വനാഥ്, ഐ വി ശശി, ഭരതന്‍ ഇവരോടൊക്കെ ഒപ്പം താങ്കള്‍ ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇളയരാജയുടെ സംഗീത മാന്ത്രികത ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും കമല്‍ ചിത്രങ്ങളില്‍ തന്നെ.

എന്നാല്‍ താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നുവെന്നും എന്തിനാണ് ഈ തീരുമാനമെന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു.  അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍. താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്.

അത്തരമൊരു കലാകാരന്‍ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത്. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഉണ്ണികൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ആദരണീയനായ ശ്രീ.കമൽഹാസൻ,
താങ്കൾ അഭിനയം നിറുത്തുന്നു എന്ന പ്രസ്താവന നടുക്കത്തോടേയും ദു:ഖത്തോടേയുമാണ്‌ വായിച്ചത്‌. സിനിമ കാണാൻ തുടങ്ങിയനാൾ മുതൽ താങ്കൾ എന്റെ ഇഷ്ടനടനാണ്‌. ഞാൻ ആദ്യം കണ്ട കമൽ ചിത്രം വിഷ്ണുവിജയം എന്ന ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ മലയാളചിത്രമാണ്‌. ഷീലയെ വശീകരിക്കുന്ന പ്രതിനായക സ്വഭാവമുള്ള വിഷ്ണുവിന്റെ കട്ടഫാനായി ആദ്യ കാഴ്ച്ചയിൽതന്നെ ഞാൻ മാറി. മലയാളികൾ കണ്ടന്തം വിട്ട ആദ്യ സിക്സ്‌ പാക്ക്‌ നടൻ താങ്കളാണല്ലോ. പിന്നെ, വയനാടൻ തമ്പാനും, ആനന്ദം പരമാനന്ദവും, ഈറ്റയും അടക്കം എത്ര മലയാള പടങ്ങൾ. താങ്കൾ തമിഴിന്റെ പ്രിയ നായകനായപ്പോഴും, എന്നെപ്പോലെ പതിനായിരക്കണക്കിന്‌ മലയാളികൾക്ക്‌ താങ്കൾ ഇഷ്ടനടനായി തുടർന്നു. കേരളവും താങ്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും വളരെ, വളരെ സ്പെഷ്യൽ ആണ്‌. പതിനാറു വയതിനിലേയും, സിഗപ്പു റോജാക്കളും, വരുമയിൽ നിറം സിഗപ്പും, ഇന്നും എന്റെ ഇഷ്ടചിത്രങ്ങളാണ്‌. സകലകലാ വല്ലഭൻ, കോട്ടയം രാജ്മഹാളിൽ ചുരുങ്ങിയത്‌ പത്ത്‌ തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്‌. മൂന്നംപിറ കണ്ട്‌ ‘ഡെസ്പ’ടിച്ചു കിടന്നിട്ടുണ്ട്‌. പുഷ്പക വിമാനം, ഇന്ദ്രൻ ചന്ദ്രൻ, മൈക്കൾ മദന കാമരാജൻ, അപൂർവ്വസഹോദരങ്ങൾ, തെന്നാലി– അങ്ങ്‌ നടത്തിയ വേഷപകർച്ചകൾ മറ്റാർക്കും കഴിയുന്നതല്ല. ശ്രീ.ഭരതൻ സംവിധാനം ചെയത തേവർമകനിൽ, താങ്കളും മഹാനടനായ ശ്രീ.ശിവാജി ഗണേശനും ചേർന്നുള്ള കോംബോ സീൻസ്‌! ഓർക്കുമ്പോൾ ഇപ്പോഴും കോരിത്തരിപ്പുണ്ടാവുന്നുണ്ട്‌, സർ. സാഗരസംഗമം, എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ്‌. കമൽ-ശ്രീദേവി ആണ്‌ പലർക്കും പിടിച്ച ജോടി. എനിക്കത്‌ കമൽ-ജയപ്രദയാണ്‌. സാഗരസംഗമവും, നിനത്താലെ ഇനിക്കും എന്ന കെ ബാലചന്ദർ സിനിമയും തന്ന പ്രണയാനുഭവം നിസ്തുലമാണ്‌. ഇന്ത്യൻ, നായകൻ, മഹാനദി, അൻപേശിവം: താങ്കളുടെ ഏറ്റവും ഗംഭീരമായ നാലു ചിത്രങ്ങൾ. താങ്കൾക്ക്‌ തുല്യം താങ്കൾ മാത്രമെന്ന് വിളിച്ചു പറയുന്നുണ്ടവ. മഹാനദി, അൻപേശിവം,തേവർമകൻ, പുഷ്പകവിമാനം….താങ്കളെഴുതിയ തിരക്കഥകളും തമിഴ്‌ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവ തന്നെ. ബാലചന്ദർ, ഭാരതിരാജ, മണിരത്നം, ശങ്കർ, കെ വിശ്വനാഥ്‌, ഐ വി ശശി, ഭരതൻ….ഇവരോടൊക്കെ ഒപ്പം താങ്കൾ ചേർന്നപ്പോൾ സംഭവിച്ചത്‌ അത്ഭുതങ്ങളാണ്‌. ഇളയരാജയുടെ സംഗീത മാന്ത്രികത ഏറ്റവും കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞതും കമൽ ചിത്രങ്ങളിൽ തന്നെ. കൂട്ടത്തിൽ പറയട്ടെ, താങ്കളും ജാനകിയമ്മയും ചേർന്ന് പാടിയ ഗുണയിലെ “കണ്മണി…” what a song! താങ്കളെ ഒന്ന് പരിചയപ്പെടണമെന്നുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചത്‌‌ ട്രാഫിക്‌ സിനിമയുടെ വിജയാഘോഷങ്ങൾക്കായി താങ്കൾ കൊച്ചിയിൽ വന്നപ്പോഴാണ്‌. അതിനു ശേഷം, ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി, ഫിക്കിയുമായി ചേർന്ന് ചില കാര്യങ്ങൾ ചെയ്യാൻ താങ്കൾ തീരുമാനിച്ചപ്പോൾ കൂടിയാലോചനകൾക്കായി എന്നെ വിളിച്ചു. അന്ന് എന്തെല്ലാം വിഷയങ്ങളെകുറിച്ചാണ്‌ താങ്കൾ സംസാരിച്ചത്‌. സാഹിത്യം, തത്ത്വശാസ്ത്രം, മനോവിജ്ഞാനീയം, മാജിക്ക്‌…എല്ലാം വന്നവസാനിക്കുന്നത്‌ സിനിമയിലും. താങ്കൾ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോൾ, തിരശീലയിൽ ഇരുട്ട്‌ നിറയുന്നപോലെ തോന്നുന്നു, സർ. എന്തിനാണ്‌ ഈ തീരുമാനം, സർ? അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട്‌ പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കൾ. താങ്കൾ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കൾ അസാമാന്യമായ സർഗ്ഗശേഷിയുള്ള കലാകാരനാണ്‌. അത്തരമൊരു കലാകാരൻ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കൾക്ക്‌, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്ക്കരിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ്‌ അങ്ങയോടഭ്യർത്ഥിക്കാനുള്ളത്‌.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top