പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; പത്ത് ജീവനക്കാരെ സസ്പെന്റ് ചെയ്തു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ 11334 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന് റോഡ് ബ്രാഡിഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ എക്കാലത്തെയും വലിയ തട്ടിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മാനേജറുള്‍പ്പെടെ പത്ത് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുകയാണ്. അനധികൃത ഇടപാടുകള്‍ക്കായി ശതകോടികള്‍ വിവിധ അക്കൗണ്ടികളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍.

രത്നവ്യാപാരിയായ നീരവ് മോദി, സഹോദരന് നിരാല്‍ മോദി, ഭാര്യ അമി നീരവ് മോദി എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയിരിക്കുന്നത്. ഈ പണം പിന്നീട് വിദേശത്ത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2011 മുതലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അക്കൗണ്ടുകളിലൂടെ കോടികളുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
നീരവ് മോദിയ്ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും സിബിഐ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. ബാങ്കിലെ ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്ന് 280.7 കോടി രൂപ തട്ടിയെടുത്തെന്ന ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതിനേക്കാള്‍ വന്‍തോതിലുള്ള തുകയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക