സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സൂചന പണിമുടക്ക് നടത്തും

ഫയല്‍ചിത്രം

ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സൂചന പണിമുടക്ക് നടത്തും. ആലപ്പുഴ ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ആറുമാസത്തിലധികം പിന്നിട്ടിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നഴ്‌സുമാര്‍ ചേര്‍ത്തലയിലെ സമരപ്പന്തലിലും എത്തിച്ചേരും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ ജീവിത സമരം ആറുമാസക്കാലം പിന്നിട്ടിട്ടും മാനേജ്‌മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ സൂചന പണിമുടക്ക് നടത്തുന്നത്.

യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാലിന്റെ നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു ആരോഗ്യസ്ഥിതി മോശമായി. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ ദേശീയപാത ഉപരോധം പൊലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് നിരവധി നഴ്‌സുമാര്‍ക്ക് പരുക്കേറ്റു.

ഈ സാഹചര്യത്തിലാണ് നഴ്‌സമാര്‍ സംസ്ഥാന വ്യാപകമായി ഇന്ന് സൂചന പണിമുടക്ക് നടത്തുന്നത്. എന്നാല്‍ നഴ്‌സുമാരുടെ സമരം അന്യായമാണെന്ന് ആരോപിച്ച് കെവിഎം ആശുപത്രി മേനേജ്‌മെന്റ് വീണ്ടും രംഗത്തെത്തി.

സമരം ചെയ്യുന്ന മുഴുവന്‍ നഴ്‌സുമാരേയും തിരിച്ചെടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പ് അസാധ്യമാണെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ ഇന്ന് സമരപ്പന്തലില്‍ എത്തിച്ചേരും. തുടര്‍ന്ന് ദേശീയപാത ഉള്‍പ്പെടെ വീണ്ടും ഉപരോധിക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top