‘മാണിക്യമലരായ പൂവി’, ഗാനത്തിന് പരക്കെ പിന്തുണ; ഗാനം ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്ന് ഒഴിവാക്കുമെന്ന തീരുമാനത്തില്‍നിന്ന് നിര്‍മാതാവ് പിന്മാറി. ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഗാനത്തിന് ലഭിച്ച പിന്തുണയെക്കരുതി തീരുമാനത്തില്‍നിന്ന് പിന്മാറി.

ഗാനം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഈ ചിത്രത്തില്‍ ഉണ്ടാവില്ല എന്നതാണ് നിര്‍മാതാവ് ഔസേപ്പച്ചന്‍ പറഞ്ഞിരുന്നത്. മുസ്ലിം വികാരങ്ങളെ വൃണപ്പെടുത്തുന്ന ഗാനം എന്ന ടാഗ് ഇതിനായിക്കഴിഞ്ഞു. അതിനാല്‍ ഇത്തരത്തില്‍ ഗാനവുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നും ഔസേപ്പച്ചന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വാര്‍ത്തയായതോടെ ഗാനത്തിന് ലഭിച്ച പിന്തുണയില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി.

പിന്നീട് വാര്‍ത്താ സമ്മേളനം വിളിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും കാര്യങ്ങള്‍ വ്യക്തമാക്കി. കേരളത്തിലുള്ളവര്‍ പോലും ഗാനം ചൂണ്ടിക്കാട്ടി അത്ര സുഖകരമല്ലാത്ത സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു കാര്യം പരിഗണിച്ച് ഗാനം ഒഴിവാക്കിയാല്‍ അത് മതമൗലികവാദികള്‍ക്ക് വളംവയ്ക്കലാകും എന്ന് മനസിലാക്കിയതും അണിയറ പ്രവര്‍ത്തകരുടെ തീരുമാനം മാറ്റലിന് പിന്നിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top