എടിഎം തട്ടിപ്പ്: ദില്ലി സ്വദേശി പന്തളം പൊലീസിന്റെ പിടിയിലായി

പത്തനംതിട്ട: എടിഎം വഴി ഒരു ലക്ഷത്തോളം രൂപാ തട്ടിയ കേസില്‍ ദില്ലി സ്വദേശി പന്തളം പൊലീസിന്റെ പിടിയിലായി. ഡല്‍ഹി ഉത്തം നഗര്‍ സ്വദേശി ആശിഷ് ധിമന്‍ ആണ് പിടിയിലായത്. പന്തളം സ്വദേശിയായ ഡോക്ടര്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.

അക്കൗണ്ട് ഉടമകളില്‍ നിന്ന് ഒടിപി നമ്പര്‍ കൈക്കലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പന്തളം പോലീസിന്റെ പിടിയിലായ ആശിഷ് ധിമന്‍. ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ അക്കൗണ്ട് ഉടമകളുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് പാസ് വേഡ് ചേദിച്ചറിയുന്നത്. പുതിയ എടിഎം കാര്‍ഡിനാണന്നും ആധാറുമായി ബന്ധിപ്പിക്കാനുമാണന്നും തെറ്റിദ്ധരിപ്പിച്ചാണ് അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെടുന്നത്.

പത്തനംതിട്ട പോലീസ് മേധാവി ജേക്കബ് ജോബിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസാണ് കേസ് എടുത്തത്. പലരില്‍ നിന്നായി ലക്ഷങ്ങള്‍ ഇയാള്‍ അടുത്ത കാലത്തായി തട്ടിയെടുത്തതായി പത്തനംതിട്ട എസ്പി ജേക്കബ് ജോബ് പറഞ്ഞു.

ആശിഷിന്റെ പേരില്‍ ആലുവ ഫെഡറല്‍ ബാങ്കില്‍ അരംഭിച്ച അക്കൗണ്ടിലേക്കാണ് പണം വന്നിരുന്നത്. പൊലീസ് ഈ അക്കൗണ്ട് മരവിപ്പിച്ചു. കാരണം തിരക്കി ആശിഷ് ബാങ്കില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇത്തരത്തില്‍ നിരവധി തട്ടിപ്പ് ഇയാള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top