അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ശശികലയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധി സുപ്രിംകോടതി ശരിവെച്ചത് 2017 ഫെബ്രുവരി 14നായിരുന്നു. ശശികലയെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി  തള്ളിയ സുപ്രിംകോടതി കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് വിധിച്ചു.

ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, അമിതാവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ശശികലയ്ക്ക് നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസില്‍ ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വാദം പൂര്‍ത്തിയാക്കി 2017 ജൂണില്‍ വിധി പറയാന്‍ മാറ്റി വച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത, ശശികല, ശശികലയുടെ ബന്ധു ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാരാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്.

കേസില്‍ ജയലളിതയ്ക്ക് വിചാരണകോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കൂട്ടുപ്രതികളായ ശശികല അടക്കമുള്ളവര്‍ക്ക് നാലു വര്‍ഷം തടവും 10 കോടി പിഴയും ശിക്ഷയും വിധിച്ചു. 2014 സെപ്തംബര്‍ 27നായിരുന്നു തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വിധി പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരായ ശിക്ഷ റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

വിചാരണകോടതി വിധി സുപ്രിം കോടതി ശരിവെച്ചതോടെ മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്ത ശശികലയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുകയായിരുന്നു. പത്ത് വര്‍ഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

ശശികലയ്ക്ക് പകരം കെ പളനിസ്വാമിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. പളനി സ്വാമിയുടെ സത്യപ്രതിഞ്ജാ ചടങ്ങുകള്‍ ബംഗളുരു ജയിലില്‍ വെച്ചാണ് ശശികല കണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top