പ്രണയദിനത്തില്‍ ആര്‍എസ്എസിനുള്ള മറുപടിയാണ് ‘മാണിക്യ മലര്‍’ : ഗാനം ഏറ്റെടുത്ത് ജിഗ്നേഷ് മേവാനിയും

പ്രതീകാത്മക ചിത്രം

ദില്ലി: ഒടുവില്‍ ‘മാണിക്യ മലര്‍’ ഏറ്റെടുത്ത് ജിഗ്നേഷ് മേവാനിയും. പ്രണയദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ മേവാനി തന്റെ ട്വിറ്ററിലൂടെ ഗാനം പങ്കുവെച്ചത്. ആര്‍എസ്എസിന്റെ പ്രണയദിന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് മാണിക്യമലര്‍ ഹിറ്റാകാന്‍ കാരണമെന്ന് മേവാനി ട്വിറ്ററില്‍ കുറിച്ചു.

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദില്‍ പ്രണയദിനം ആഷോഷിക്കുന്നതിനിടെ കമിതാക്കളെ മര്‍ദ്ദിക്കുകയും ഹൈദരാബാദില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം വൈറലായത് ആര്‍എസ്എസിനുള്ള മറുപടിയാണ്. ആരെയെങ്കിലും വെറുക്കുന്നതിനേക്കാള്‍ സ്‌നേഹിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഇന്ത്യക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലവി’ലെ ഗാനം ഷെയര്‍ ചെയ്തശേഷം മേവാനി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ജിഗ്നേഷ് മേവാനി ആഞ്ഞടിച്ചു. നമ്മളോടൊക്കെ ഒരുപാട് പേര്‍ ഐലവ് യു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോദിജീയോട് ആരെങ്കിലും ഐലവ് യു പറഞ്ഞിട്ടുണ്ടാകുമോ? എനിക്ക് സംശയമുണ്ട്. എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്നു, മേവാനി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top