പപ്പുപിഷാരടിയുടെ പ്രണയാനുഭവങ്ങളുമായി ‘ആളൊരുക്ക’ത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: ഇന്ദ്രന്‍സ് മുഴുനീള ഓട്ടന്‍തുള്ളല്‍ കലാകാരനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആളൊരുക്കത്തിന്റെ ആദ്യ ടീസര്‍ പ്രണയദിനത്തില്‍ പുറത്തിറങ്ങി. മാധ്യമ പ്രവര്‍ത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിക്കുന്നത്. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളാണ് ടീസറില്‍ പറയുന്നത്.

സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ് ആളൊരുക്കം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിക്കുന്നത് കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാരാണ്. ചിത്രത്തില്‍ രാമായണത്തിലെ ഹനുമാന്റെ സഭാപ്രവേശം ആസ്പദമാക്കി തയ്യാറാക്കിയ പുതിയ ഓട്ടന്‍തുള്ളല്‍ കൃതിയും ചേര്‍ത്തിട്ടുണ്ട്. കലാമണ്ഡലം നാരായണന്‍, കലാമണ്ഡലം നിഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗാനം അണിയിച്ചൊരുക്കുന്നത്.

റാണി റാഫേലാണ് ആളൊരുക്കത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഇന്ദ്രന്‍സിന് വേണ്ടി ഈ ചിത്രത്തില്‍ ഗാനമാലപിച്ചിട്ടുണ്ട്. ഇന്ദ്രന്‍സിനു പുറമെ കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്മാര്‍ ആളൊരുക്കത്തില്‍ വേഷമിടുന്നു. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top