സത്യവാങ്മൂലത്തില്‍ വന്‍ തിരിമറി കാണിച്ചു: കോടിയേരിക്കെതിരെ ആരോപണവുമായി ബിജെപി

കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ സത്യവാങ്മൂലത്തില്‍ വന്‍ തിരിമറി കാണിച്ചെന്ന ആരോപണവുമായി ബിജെപി. 2011ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015 ല്‍ ഗവര്‍ണര്‍ക്ക് കൊടുത്ത സത്യവാങ്മൂലത്തിലും ക്രമക്കേട് നടന്നു എന്നാണ് ആരോപണം.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015ല്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കൊടുത്ത സത്യവാങ്മൂലത്തിലും കോടിയേരി ബാലകൃഷ്ണന്‍ സ്വത്തുവിവരം മറച്ചു വച്ചു എന്നാണ് ബിജെപിയുടെ ആരോപണം. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും കൈവശമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടിയേരി രണ്ട് സ്ഥലങ്ങള്‍ക്ക് കാണിച്ചിരിയ്ക്കുന്ന വില 4.5 ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ ഇത സ്ഥലം ഈട് വച്ച് 2009ല്‍ കോടിയേരിയുടെ ഭാര്യ 18 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ എടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും സത്യവാങ്മൂലത്തിലില്ല.

മാത്രമല്ല 2014ല്‍ രണ്ട് സ്ഥലങ്ങള്‍ ഇവര്‍ നിഖില്‍ രാജേന്ദ്രന്‍ എന്നയാള്‍ക്ക് വിറ്റത് 45 ലക്ഷം രൂപയ്ക്കാണ്. ഈ പണം എവിടെപ്പോയെന്ന് സത്യമാങ്മൂലത്തിലില്ല. 45 ലക്ഷത്തിന് കോടിയേരി വിറ്റ സ്ഥലത്തോട് ചേര്‍ന്ന 12 സെന്റ് സ്ഥലം ബിനീഷ് കോടിയേരി അതേ കാലയളവില്‍ വാങ്ങിയതാകട്ടെ വെറും 5.75 ലക്ഷം രൂപയ്ക്ക്. ഇക്കാര്യവും പക്ഷേ സത്യവാങ്മൂലത്തില്‍ മറച്ചു വച്ചിരിയ്ക്കുന്നു. ആറ് മാസം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കേസാണിതെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top