ട്രിനിറ്റി സ്കൂളിലെ ആഘോഷം: പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വെല്ലുവിളി

കേക്ക് മുറിച്ച് ആഘോഷിക്കുന്നു

കൊല്ലം: ഗൗരി നേഹ കേസില്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ വെല്ലുവിളിച്ച് സ്കൂള്‍ മാനേജ്‌മെന്റ്. സ്‌കൂളിന്റെ അവകാശങ്ങളില്‍ ഇടപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ട്രിനിറ്റി ലൈസിയം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന വിശദീകരണം. അധ്യാപകരെ ആഘോഷപൂര്‍വം സ്വീകരിച്ചത് തെറ്റായിപ്പൊയെന്നും വിശദീകരണ കുറിപ്പിലുണ്ട്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ അധ്യാപികമാരെ സ്‌കൂളില്‍ ആഘോഷപൂര്‍വം സ്വീകരിച്ചതിനെതിരെ നേരത്തെ വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ എസ് ജോണിനെതിരേ രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ മറുപടി നല്‍കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീകല കെഎസ് നിര്‍ദേശം നല്‍കിയിരുന്നു.

പ്രതികളായ സിന്ധുവിനെയും ക്രസന്റിനെയും ആഘോഷപൂര്‍വം സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്ന് മറുപടിയില്‍ പറയുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് അറിയാതെയാണ് ഇത്തരം ആഘോഷമെന്നും മറുപടിയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നില്ല. അതുകൊണ്ട് തന്നെ മറുപടി തൃപ്തികരമല്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. മാത്രമല്ല സ്‌കൂളിന്റെ അവകാശങ്ങളില്‍ ഇടപെടാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന് അധികാരമില്ലെന്ന മാനേജ്‌മെന്റ് വിശദീകരണം അംഗീകരിക്കാനാവുന്നതല്ലെന്ന് വകുപ്പ് വ്യക്തമാക്കുന്നു. സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്ന മാനേജ്‌മെന്റ് വിശദീകരണം വെല്ലുവിളിയായാണ് വിദ്യാഭ്യാസവകുപ്പ് കാണുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top