കോണ്‍ഗ്രസിനുവേണ്ടി സംസാരിക്കാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് യാതൊരു അവകാശവുമില്ല; സിംഗ്‌വി

അഭിഷേക് മനു സിംഗ്‌വി

ദില്ലി: പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് കോണ്‍ഗ്രസ്. മണിശങ്കര്‍ അയ്യരുടെ പാകിസ്താന്‍ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കവെയാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയെപ്പോലെ താന്‍ പാകിസ്താനെയും സ്‌നേഹിക്കുന്നുവെന്ന അയ്യരുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

‘അത് അദ്ദേഹത്തിന്റെ മാത്രം പ്രതികരണമാണ്. കോണ്‍ഗ്രസ്, അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടിയോ, പാര്‍ട്ടിയുടെ ഭാഗമായോ സംസാരിക്കാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് യാതൊരു അവകാശവുമില്ല.’ സിംഗ്‌വി കൂട്ടിച്ചേര്‍ത്തു. പകിസ്താനില്‍ നിന്ന് തനിക്ക് സ്‌നേഹവും ഇന്ത്യയില്‍ നിന്ന് വെറുപ്പുമാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു ഇന്നലെ കറാച്ചിയില്‍ സംസാരിക്കവെ അയ്യര്‍ അഭിപ്രായപ്പെട്ടത്. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൈയ്യടിക്കുന്ന പാകിസ്താനിലെ ജനങ്ങളെ തനിക്ക് വിശ്വാസമാണെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് അറിയാത്ത ആയിരക്കണക്കിന് ആളുകളാണ് എന്നെ സ്വാഗതം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തത്. കുട്ടികളും പുരുഷന്മാരും സ്ത്രീകളും എനിക്ക് വേണ്ടി കൈയ്യടിച്ചു. പാകിസ്താനില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഇരട്ടി വെറുപ്പാണ് എനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. എനിക്ക് തോന്നുന്നില്ല സര്‍ക്കാരുകള്‍ പ്രശ്‌നങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കുമെന്ന്, പക്ഷെ ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു,’ ഇന്നലെ കറാച്ചിയില്‍ ജനങ്ങളോടായി അയ്യര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top