കോളിവുഡ് അരങ്ങേറ്റത്തില്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വേഷപ്പകര്‍ച്ചയുമായി ടിനിടോം

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ടിനി ടോമിന് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപിയും ശ്രദ്ധേയമായ വേഷങ്ങള്‍ നല്‍കി. തുടര്‍ന്നും നല്ല കഥാപാത്രങ്ങള്‍ ടിനി ടോമിനെ തേടിയെത്തി. ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷ പകര്‍ച്ചയിലാണ് ടിനി.

ടികെ രാജീവ് കുമാര്‍, ജിത്തു ജോസഫ്, മേജര്‍ രവി തുടങ്ങിയവരുടെ സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമ ഓപറേഷന്‍ അരപൈമ യിലാണ് ടിനി ടോം ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തുന്നത്. റഹ്മാന്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. വില്ലനായി ആണ് ടിനി എത്തുന്നത്. വളരെ വ്യത്യസ്തമായ ഒരു വേഷം തനിക്ക് കിട്ടിയതിന് കാരണം ടിനി ടോം റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.

റോണി എന്ന ട്രാന്‍സ്‌ജെന്‍ഡറായാണ് ടിനി തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ എത്തുന്നത്. സിനിമയില്‍ വില്ലനായ റോണി എന്ന കഥാപാത്രം തന്നെ തേടി എത്താനുള്ള കാരണം തന്റെ ആകാര വടിവും റഹ്മാന്‍ എന്ന നായകന്റെ ഒപ്പം നില്‍ക്കാന്‍ കഴിയുന്ന തന്റെ ഉയരവും മിമിക്രിയുമാവാം എന്നാണ് ടിനി ടോം പറയുന്നത്.

എന്നാല്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ പല പ്രമുഖ നടന്മാരെയും നോക്കി അവസാനം ടിനി ടോമിലേക്ക് എത്തുകയായിരുന്നു എന്ന് സംവിധായകന്‍ പ്രാഷ് വ്യക്തമാക്കി. ചെന്നൈ നഗരത്തിലെ രാത്രി എട്ടു മണിക്കൂറിലുള്ള സംഭവ വികാസങ്ങള്‍ നേവല്‍ ഓപ്പറേഷന്‍ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ആവുമെന്ന് സംവിധായകന്‍ റിപ്പോര്‍ട്ട റോട് പറഞ്ഞു പതിമൂന്നു വര്‍ഷം കോസ് ഗാര്‍ഡില്‍ ഏവിയേറ്ററായി ജോലി നോക്കിയ തന്റെ ആദ്യ ചിത്രം ഇതേ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരുക്കുന്നതെന്നും ഒരു യഥാര്‍ത്ഥ കഥയില്‍ സിനിമക്കു ആവശ്യമായ ഫിക്ഷന്‍ കൂട്ടിച്ചേര്‍ത്തു തിരക്കഥയാക്കിയതാണ് എന്നും സംവിധായകന്‍ പറഞ്ഞു.

‘ഓപറേഷന്‍ അരപൈമ’ എന്ന പേരിലും വ്യത്യസ്ത ഉണ്ട്. അരപൈമ എന്നാല്‍ ആമസോണ്‍ ശുദ്ധജലത്തില്‍ കാണുന്ന ഒരു മത്സ്യത്തിന്റെ പേരാണ്. പെട്ടന്നു ഇണങ്ങുകയും ദ്രോഹിച്ചാല്‍ ഇടയുകയും ചെയ്യുന്ന അരപൈമയുടെ പേരിനു സിനിമയുടെ കഥയുമായി ബന്ധമുണ്ടെന്ന് പ്രാഷ് പറയുന്നു. തമിഴ് ഭാഷയില്‍ ചിത്രീകരിക്കുന്ന അരപൈമ ഹിന്ദി, മലയാളം ഉള്‍പ്പടെ മിക്ക ഭാഷകളിലും തിയറ്ററില്‍ എത്തിക്കാന്‍ ആണ് പദ്ധതി.

റഹ്മാന്‍ നായകന്‍ ആവുന്ന അരപൈമയിലെ നായിക അഭിനയ ആണ്. നായകന്റെ നായികയല്ല വില്ലന്റെ നായികയാണ് സിനിമയില്‍ ഉള്ളതെന്ന് ടിനി ടോം പറഞ്ഞു. തന്റെ കരിയറിലെ വലിയ പ്രതീക്ഷയാണ് ഈ സിനിമ എന്നും ടിനി റിപ്പോര്‍ട്ടറോട് പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ സിനിമ തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലഷ്യമിടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top