ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നതായി പിതാവിന്റെ സ്ഥിരീകരണം

കൊല്ലപ്പെട്ട ശുഹൈബ്

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ശുഹൈബിന്‌ വധഭീഷണിയുണ്ടായിരുന്നതായി പിതാവ്. മകന്‍ ശുഹൈബ് ഇക്കാര്യം തങ്ങളോട് പറഞ്ഞിരുന്നതായി പിതാവ് മുഹമ്മദ് പറഞ്ഞു. ശുഹൈബിന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ആരോപിച്ചു.

തനിക്ക് വധഭീഷണിയുള്ളതായി സുഹൃത്തിനോട് ശുഹൈബ് ഫോണില്‍ പറയുന്നതിന്റെ ശബ്ദരേഖ രാവിലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായിരുന്ന കാര്യം പിതാവ് സ്ഥിരീകരിച്ചത്.

അതേസമയം, ശുഹൈബിനെ കൊലപ്പെടുത്തിയത് പരോളിലിറങ്ങിയ പ്രതികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജയിലിനുള്ളില്‍ ആസൂത്രണം ചെയ്തശേഷം പ്രതികള്‍ പരോളിലിറങ്ങി കൃത്യം നിര്‍വഹിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന് വെട്ടേറ്റത്. തെരൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തട്ട്കടയില്‍  ചായ കുടിക്കുമ്പോഴാണ് വാഗണ്‍ആര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top