വാലന്റൈന്‍സ് ഡേ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് പബ്ബുകളോട് ബജ്‌രംഗ്ദള്‍

ഫയല്‍ ചിത്രം

ഹൈദരാബാദ്: ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായി പ്രണയ ദിനം കൊണ്ടാടരുതെന്ന് ഹൈദരാബാദില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. വാലന്റൈന്‍സ് ഡേയില്‍ പ്രത്യേക പരിപാടികള്‍ ഒന്നും സംഘടിപ്പിക്കരുതെന്ന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പബ്ബുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രണയദിനത്തെ എതിര്‍ക്കാനോ പിന്തുണയ്ക്കാനോ ഇല്ലെന്ന് ശിവസേന വ്യക്തമാക്കി.

പ്രണയദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഇത്തരം പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ബജ്‌രംഗ്ദള്‍ നഗരത്തിലെ എല്ലാ പബ്ബുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. അതേസമയം നാഗ്പൂരില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രണയദിനം ആഘോഷിക്കാനെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്നലെ പ്രണയദിന ആഘോഷങ്ങള്‍ക്കെതിരെ നാഗ്പൂരില്‍ പ്രവര്‍ത്തകര്‍ റാലിയും സംഘടിപ്പിച്ചിരുന്നു. അവര്‍ക്ക് പ്രണയദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശവും ഉണ്ടെന്നായിരുന്നു പ്രവര്‍ത്തകരുടെ വിശദീകരണം.

നഗരത്തില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നുവെന്നും സംസ്‌കാരത്തിന് എതിരാണെന്നും കാട്ടി കഴിഞ്ഞ വര്‍ഷവും ബജ്‌രംഗ്ദള്‍ സമാനരീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമാധാനം ഉറപ്പുവരുത്താനായി പൊലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top