സ്റ്റേഷനില്‍ അപ്രതീക്ഷിതമായെത്തിയ അതിഥികളെ കണ്ട് പകച്ച് പൊലീസ്‌

തൃശൂര്‍: ക്ഷണിക്കാതെയെത്തിയ പോലീസ് സ്‌റ്റേഷനിലെത്തിയ അതിഥികളെ കണ്ട് പകച്ച് പൊലീസ്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം.

തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെല്ലാം ഡ്യൂട്ടിയിലേക്ക് കടക്കാനുള്ള തിരക്കിനിടയില്‍ അപരിചിതരായ രണ്ട് അതിഥികളെ കണ്ട് ഞെട്ടി. കൊലകൊമ്പന്മാരായ കാട്ടുകള്ളന്മാരെ കൊമ്പുകുത്തിക്കുന്ന പൊലീസിന് പക്ഷേ, അതിഥികള്‍ക്ക് മുന്നില്‍ മുട്ടുവിറച്ചു..പകച്ചു… ഇതോടെ ഫോണെടുത്ത് വന്യജീവി സംരക്ഷകന്‍ സേവ്യര്‍ എല്‍ത്തുരുത്തിനെ വിളിച്ചു. പിറകെ വാഹനവും.

നിമിഷങ്ങള്‍ക്കകം സേവ്യറുമായി വാഹനം മടങ്ങിയെത്തി. പൊലീസിനെ ഭയപ്പെടുത്തി വിറപ്പിച്ചിരുന്ന രണ്ട്
പേരെയും നിമിഷങ്ങള്‍ക്കകം മുട്ടുകുത്തിച്ചു. അബദ്ധത്തില്‍ സ്‌റ്റേഷനുള്ളില്‍ കുടുങ്ങിയ രണ്ട് മൂര്‍ഖന്‍ പാമ്പുകളാണ് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പൊലീസിനെ മണിക്കൂറുകളോളം വലച്ചത്.

രാവിലെ ഏഴോടെ സ്റ്റാഫ് റൂമിലേക്ക് കടക്കുകയായിരുന്ന പൊലീസുകാരനാണ് ഫിഷ് ടാങ്കിനു സമീപം പാമ്പ് ഇഴയുന്നതു ശ്രദ്ധയില്‍പ്പെട്ടത്. വൈകും മുമ്പേ സമീപത്ത് മറ്റൊന്നിനെയും കൂടി കണ്ടെത്തിയതോടെ പൊലീസുകാര്‍ പകച്ചു.ഇതിനിടയില്‍ സിഐയ്ക്കും അസികമ്മീഷണര്‍ക്കും കമ്മീഷണര്‍ക്കും വിവരം പോയി. പാമ്പിനെ എങ്ങനെ പിടികൂടുമെന്ന ആലോചനയായി. വനംവകുപ്പിനെ വിളിക്കണോ, അഗ്‌നിശമനസേനയെ വിളിക്കണോ..? ചര്‍ച്ച മുറുകുന്നതിനിടയില്‍ ആരോ സേവ്യര്‍ എല്‍ത്തുരുത്തിനെ വിളിക്കാമെന്ന് പറഞ്ഞു.

ഇതോടെ സേവ്യറിനെ വിളിച്ചു. വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തി വാഹനം വിട്ടു. മുള്‍മുനയിലെ നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനിടയില്‍ സേവ്യറെത്തി. പാമ്പിനെ പിടിക്കാനുള്ള പ്‌ളയര്‍ സ്റ്റിക്കും പ്‌ളാസ്റ്റിക് ബോട്ടിലും കരുതിയിരുന്നു. രണ്ട് പേരെയും ഇരുപത് മിനുട്ടിനകം ബോട്ടിലിലാക്കി. പിന്നീട് പീച്ചി കാട്ടില്‍ കൊണ്ടുവിട്ടു.

ആറടിയോളം നീളമുള്ള ആണും പെണ്ണുമായിരുന്നു മൂര്‍ഖന്‍ പാമ്പുകള്‍. ഇപ്പോള്‍ പാമ്പുകളുടെ ഇണചേരുന്ന സമയം കൂടിയാണത്രെ. സ്‌റ്റേഷന് പിറകുവശം കാട് പിടിച്ച് കിടക്കുകയാണ്. ഇവിടെ നിന്നും സ്റ്റേഷനിലേക്ക് കടന്നതാവാമെന്നാണ് കരുതുന്നത്. ഇവിടെ പ്ലാസ്റ്റിക് പായയില്‍ കുടുങ്ങിയതോടെ ഇഴയാന്‍ പ്രയാസപ്പെട്ടതാണെന്നു സേവ്യര്‍ പറയുന്നു.

ഈസ്റ്റ് സ്‌റ്റേഷന് മുന്‍വശത്തുള്ള ഡിപ്പോയും സ്‌റ്റേഷന്റെ തെക്ക് പടിഞ്ഞാറെ ഭാഗവും കാട് പിടിച്ചും പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ട് തുരുമ്പെടുത്തും ഉപയോഗിക്കാതെ കിടക്കുകയാണ്. രാവും പകലുമില്ലാതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കി വിശ്രമമില്ലാതെ പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് സ്‌റ്റേഷനില്‍ പോലും സുരക്ഷയില്ലെന്നതാണ് പാമ്പിനെ കണ്ടെത്തിയതില്‍ സേനാംഗങ്ങളുടെ പരാതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top