special page

‘ഭൂമിയ്ക്ക് ഭാരമായ ഈ പാഴ്ജന്‍മങ്ങളെ തിരിച്ചറിയണം’; സിപിഐഎം ഭീകരതയ്‌ക്കെതിരെ ചുവപ്പണിയാന്‍ ബല്‍റാമിന്റെ ആഹ്വാനം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ വ്യത്യസ്ഥ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

‘സിപിഐഎം ചോരക്കളി അവസാനിപ്പിക്കട്ടെ’ എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധസൂചകമായി ചുവപ്പ് അണിയാനാണ് ബല്‍റാമിന്റെ ആഹ്വാനം. സിപിഐഎം ടെറര്‍ എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടങ്ങിയിരിക്കുന്നത്. ബല്‍റാമിന്റെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

കൊലപാതക രാഷ്ട്രീയത്തിന്റെ വ്യക്തമായ പശ്ചാത്തലമുള്ള ഒരാളും അയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആശ്രിതക്കൂട്ടവുമായിരിക്കും ഭരണതലപ്പത്ത് വരാന്‍ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐമ്മിനും എല്‍ഡിഎഫിനും വോട്ട് ചെയ്ത എല്ലാ കേരളീയര്‍ക്കും കണ്ണൂരിന്റെ മണ്ണില്‍ വീണ ശുഹൈബിന്റെ ചോരയില്‍ പരോക്ഷ ഉത്തരവാദിത്തമുണ്ടെന്ന് ബല്‍റാം പറയുന്നു.

അതിന്റെയൊക്കെ നൂറിരട്ടി കൊടിയ വഞ്ചനയാണ് നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസര്‍ത്തുകള്‍ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങള്‍ രചിച്ച്, ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരുപറഞ്ഞ് ഈ ക്രിമിനല്‍ സംഘത്തിനനുകൂലമായി കേരളീയ പൊതുബോധത്തെ രൂപപ്പെടുത്തിയ ഇവിടത്തെ ‘സാംസ്‌ക്കാരിക നായകന്മാരു’ടേത്.

മാധ്യമ, സിനിമാ, സാംസ്‌ക്കാരിക രംഗങ്ങളടക്കിവാഴുന്ന ഈ സിപിഐഎം അടിമകളാണ് പാര്‍ട്ടിയുടെ കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടിക്കൊടുക്കുന്നതെന്നും ബല്‍റാം ആരോപിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുടെ തൊണ്ണൂറ്റഞ്ച് ശതമാനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത് സിപിഐഎം ഉണ്ട് എന്നത് മറച്ചുപിടിച്ചുകൊണ്ടാണ് അസഹിഷ്ണുതക്കെതിരെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുമൊക്കെയുള്ള സിപിഐഎമ്മിന്റെ കപടനാടകങ്ങളില്‍ ഇക്കൂട്ടര്‍ സ്വയം കോലം കെട്ടിയാടുന്നത്. ഭൂമിക്ക് ഭാരമായ ഈ പാഴ്ജന്മങ്ങളെ തിരിച്ചറിയാന്‍ കൂടി ഇതൊരു അവസരമാണെന്നും ബല്‍റാം പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top