നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 26 മുതല്‍

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 26 മുതല്‍ ആരംഭിക്കും. സഭ 26 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

സ്വകാര്യ ബസുകളുടെയും കെഎസ്ആര്‍ടിസിയുടെയും നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധനവിലയിലും സ്‌പെയര്‍പാര്‍ട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ധനവ് മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ റിട്ടയേഡ് ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ട് രൂപയായി വര്‍ധിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ധനയില്ല. മിനിമം ചാര്‍ജ്ജിന് ശേഷമുളള നിരക്കില്‍ വര്‍ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുളള വര്‍ധന ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 40 കിലോമീറ്റര്‍ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ധനയേ ഉണ്ടാകൂ.

മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതി ജീവനക്കാരുടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

ലേബര്‍ കമ്മിഷണറായി എ അലക്‌സാണ്ടറിനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ലേബര്‍ കമ്മിഷണറായ കെ ബിജുവിനെ വ്യവസായവകുപ്പ് ഡയറക്ടറായി നിയമിക്കും. നിലവില്‍ വ്യവസായഡയറക്ടറായ കെഎന്‍ സതീഷിനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top