കമലഹാസന്‍ അഭിനയ ജീവിതം അവസാനിപ്പിക്കുന്നു

കമല ഹാസന്‍

ചെന്നൈ: ആരാധകര്‍ക്ക് ഏറെ നിരാശ ഉണ്ടാക്കുന്ന ഒരു തീരുമാനം എടുക്കാനുള്ള ഒരുക്കത്തിലാണ് കമലഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്നാണ് കമലഹാസന്റെ പുതിയ പ്രഖ്യാപനം. മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കുന്നതിനാണ് അഭിനയം നിര്‍ത്തുന്നു എന്ന തീരുമാനം കമലഹാസന്‍ കൈക്കൊണ്ടിരിക്കുന്നത്.

ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസില്‍ അഭിനയം ആരംഭിച്ച് കമലഹാസന്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയായാണ് അറിയപ്പെടുന്നത്. തമിഴിന് പുറമെ മലയാളം, ഹിന്ദി തുടങ്ങിയ അന്യ ഭാഷാ ചിത്രങ്ങളിലും കമല ഹാസന്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്ക്  അദ്ദേഹം അര്‍ഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങള്‍ക്കായുള്ള അക്കാദമി അവാര്‍ഡിനു വേണ്ടി സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമലഹാസന്‍ അഭിനയിച്ച ചിത്രങ്ങളാണ്.

കമലഹാസന്‍ മൗലികമായ പല പരീക്ഷണ ശ്രമങ്ങളും സിനിമയില്‍ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദ ചിത്രമായ പുഷ്പക വിമാനം, അദ്ദേഹം സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സില്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തിന് ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

കമലഹാസന്‍ ഒരു നടന്‍ എന്ന നിലയിലേക്ക് മുന്‍ നിരയിലേക്കു വരുന്നത് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസന്‍ ഈ സിനിമയില്‍ ചെയ്തത്. 1983ല്‍ മൂന്നാം പിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. നിഷ്‌കളങ്കനായ ഒരു സ്‌കൂള്‍ അധ്യാപക ന്റെ വേഷമാണ് അദ്ദേഹം അതില്‍ ചെയ്തത്. മണിരത്‌നം സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസന്‍ രണ്ടാമത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. ടൈം മാഗസിന്‍ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top