കപ്പല്‍ശാലയിലെ പൊട്ടിത്തെറി: അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

കൊച്ചി: കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയുണ്ടായി അഞ്ച് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്രഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഷിപ്പ് യാര്‍ഡില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് മന്ത്രി ഷിപ്പ് യാര്‍ഡില്‍ സന്ദര്‍ശനം നടത്തിയത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കൊച്ചി ഷിപ്പ് യാര്‍ഡില്‍ തന്നെ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഷിപ്പ് യാര്‍ഡ് അധികൃതര്‍ സംഭവത്തില്‍ ആഭ്യന്തരഅന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തുമെന്ന് കപ്പല്‍ശാലാ ചെയര്‍മാന്‍ അറിയിച്ചു. നിലവില്‍ ഈ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്നും കേന്ദ്രഏജന്‍സിയുടെ അന്വേഷണം ഉടനില്ലെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 13 ന് ഉണ്ടായ അപകടത്തില്‍ അഞ്ച് മലയാളികളായ തൊഴിലാളികളാണ് മരിച്ചത്. ഷിപ്പ് യാര്‍ഡില്‍ അറ്റുകുറ്റപ്പണികള്‍ക്കായെത്തിയ ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ വാട്ടര്‍ ബ്ലാസ്റ്റാണ് പൊട്ടിത്തെറിച്ചത്. നാലുമാസത്തെ അറ്റകുറ്റപ്പണിക്കായി ഡിസംബറില്‍ എത്തിയ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. വാതക ചോര്‍ച്ചയാണ് പൊട്ടിത്തറിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ 9.15 ഓടെയാണ് പൊട്ടിത്തെറി നടന്നത്. വാതക ചോര്‍ച്ച സംബന്ധിച്ച വിവരം അഗ്നിശമന സേനാ വിഭാഗത്തില്‍ അറിയിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും സ്ഫോടനം നടന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top