ഹൃദയത്തിനും കരളിനും പറയാനുള്ളത് വാലന്റൈന്‍സ് ദിനത്തില്‍ കേള്‍ക്കേണ്ടേ? തുടങ്ങാം കുറച്ചു നല്ല ശീലങ്ങള്‍

എന്റെ കരളിന്റെ കരളേ എന്നു വിളിക്കുന്നയാളുടെ കരളിന്റെ കഥ ഏകദേശം തീരാറായതെങ്കില്‍ ആ വിളിയുടെ അര്‍ത്ഥമെന്താണ്? തന്നില്‍ നിന്നും എടുത്തുമാറ്റിയാല്‍ ജീവിക്കാന്‍പോലുമാവില്ല എന്നര്‍ഥമുള്ള അതിശയോക്തി കലര്‍ന്ന പ്രയോഗങ്ങളാണ് കരള്‍ എന്നും ഹൃദയം എന്നുമൊക്കെയുള്ള വിളി. കരളിനും ഹൃദയത്തിനും നാം നല്‍കേണ്ട പ്രാധാന്യമാണ് ഇതിലൂടെ നാംതന്നെ പലപ്പോഴും വ്യക്തമാക്കാറുള്ളത്.

പുകവലി ഉപേക്ഷിച്ചേ തീരൂ


ലഹരിക്കുവേണ്ടി വലിച്ചുകയറ്റുന്നത് പുകയാണെന്നത് പുകവലിക്കാരെപ്പോലും ചില സമയത്ത് ഇരുത്തി ചിന്തിപ്പിക്കും. പുകവലി ഉപേക്ഷിക്കണം എന്ന തീരുമാനവും ചിലപ്പോഴുണ്ടാകും. എന്നാല്‍ ഈ തീരുമാനമെടുപ്പ് ഇപ്പോള്‍ എത്രതവണയായി എന്ന ആലോചനയും ഉണ്ടാകണം. പുകവലി ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളേപ്പറ്റി പറഞ്ഞുതുടങ്ങിയാല്‍ അത് ഉടനെയെങ്ങും തീരുകയുമില്ല. കാരണം മനുഷ്യശരീരത്തില്‍ എത്ര അവയവങ്ങള്‍ ഉണ്ടോ അതിലേറെ ദൂഷ്യങ്ങള്‍ പറയേണ്ടിവരും. ശരീരത്തിന്റെ ഓരോ അണുവിനേയും  പുകവലി ദോഷകരമായി ബാധിക്കും.

പുകവലി നിര്‍ത്താന്‍ ശ്രമിച്ച് പരാജയമടഞ്ഞവരാണ് മിക്ക വലിക്കാരും. പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് നിര്‍ത്തുന്നതിനേക്കാള്‍ നല്ലത് ഇനി വലിക്കില്ല എന്ന തീരുമാനമെടുത്ത് ഒറ്റയടിക്ക് നിര്‍ത്തുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം. നിര്‍ത്തുമ്പോള്‍ വളരെ ബുദ്ധിമുട്ടുമെങ്കിലും പിന്നീട് പുകവലിയെ വെറുക്കും. പുകവലിക്കാരുടെ ഇടയിലിരിക്കുന്ന വലിക്കാരല്ലാത്തവര്‍ക്കും ഇതുതന്നെ അവസ്ഥ. പാസീവ് സ്‌മോക്കര്‍ എന്നാണ് ഇവരെ വിളിക്കുക. അവരും ഒരു വിധത്തില്‍ പുകവലിക്കാര്‍ തന്നെ. ഇങ്ങനെ സമൂഹത്തിലുള്ള മറ്റു പലരേയും പുകവലിക്കാര്‍ പുക വലിപ്പിക്കുന്നു.

നടപ്പ് ശീലമാക്കുക


ഇക്കാലത്ത് നടപ്പ് ആവശ്യമുള്ള ജീവിതം നയിക്കുന്നവര്‍ കുറഞ്ഞു വരികയാണ്. അഥവാ നടന്നാല്‍ത്തന്നെ അത് ബസ്റ്റോപ്പിലേക്കാവും. ബൈക്കോ കാറോ ഉണ്ടെങ്കില്‍ ആ നടപ്പും തഥൈവ! എന്നാല്‍ നിങ്ങളുടെ ഹൃദയത്തിനുവേണ്ടിയെങ്കിലും നടന്നേ തീരൂ. ജീവിത ശൈലീ രോഗങ്ങള്‍ വരാതിരിക്കാനും ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍ക്ക് അവ നിയന്ത്രിക്കാനും നടപ്പിനോളം നല്ല മരുന്നില്ല. വേഗത കുറച്ചുള്ള ഓട്ടവും നല്ലതുതന്നെ. അസുഖങ്ങള്‍ ഉള്ളവര്‍ രോഗാവസ്ഥ എത്രയും വേഗം പരിശോധിച്ച് ഡോക്ടെറെ സമീപിച്ച് എത്രമാത്രം ശരീരത്തിന് ആയാസമുണ്ടാകുന്ന രീതിയില്‍ നടക്കാം/ഓടാം എന്ന് തീരുമാനമെടുക്കേണ്ടതാണ്.

നടക്കുമ്പോള്‍ ഒരു പങ്കാളിയും കൂടെയുണ്ടെങ്കില്‍ വളരെ നന്ന്. കാരണം ഒരു ദിവസം ഒരാള്‍ക്കു മടി തോന്നിയാല്‍ കൂടെയുള്ള ആള്‍ നിര്‍ബന്ധിച്ചും കൊണ്ടുപോകും. നടപ്പ് നിശ്ചയിച്ച അത്രയും ദൂരം മുഴുമിക്കാതെ ഒരാള്‍ക്ക് മടങ്ങണം എന്നു തോന്നിയാലും നടപ്പില്ല. അങ്ങനെ പരസ്പരം പിന്തുണയും പ്രോല്‍സാഹനവുമേകി നടന്നാല്‍ നൂറു ശതമാനം ഗുണകരമാകുമെന്നുറപ്പ്.

വലിച്ചു കേറ്റേണ്ട, വേണ്ടത് ആരോഗ്യകരമായ ലഘു ഭക്ഷണം


വറുത്തതും പൊരിച്ചതും മസാല കലര്‍ന്നതുമൊന്നും കഴിക്കരുത് എന്നു പറഞ്ഞാല്‍ അത് അതേപടി കേള്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നു മാത്രമല്ല ഇക്കാലത്ത് അത് പ്രായോഗികമല്ലതാനും. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതാണ് ചിലര്‍ക്ക് ജീവിതത്തില്‍ ആകെയുള്ള സന്തോഷം. നഗര ജീവിതത്തിലാണെങ്കില്‍ പുറത്തുപോകുന്നതു തന്നെ പുത്തന്‍ ഭക്ഷണങ്ങള്‍ കഴിക്കാനാണുതാനും.

പിന്നെയെന്താണ് സാധിക്കുക? നിയന്ത്രണം വേണം എന്നതുമാത്രമേ ഇക്കാര്യത്തില്‍ പറയാന്‍ സാധിക്കൂ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പരമാവധി കഴിക്കുക. വറുത്തതും പൊരിച്ചതും ആഴ്ച്ചയിലൊരിക്കല്‍ മാത്രമാക്കാം. വറുക്കുമ്പോള്‍ വെളിച്ചെണ്ണ ഉപയോഗിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് മറ്റൊന്നിനും എടുക്കാതിരിക്കുക. ഇറച്ചിയും നല്ലതുപോലെ നിയന്ത്രിക്കണം. ഇരുപത് മുതല്‍ ഇരുപത്തിനാല് ഗ്രാം ഇറച്ചി വരെ ഒരു ദിവസം ആകാം എന്ന് വിദഗ്ധമതം. പലതരത്തിലുള്ള പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. കടല്‍ മത്സ്യങ്ങള്‍ വറുക്കാതെ കറിവച്ച് കൂട്ടുക.

ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍, കിഴങ്ങുകള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയൊക്കെ മാറിമാറി ഉപയോഗിക്കുക. ഫല വര്‍ഗങ്ങളൊഴിച്ച് ബാക്കിയെല്ലാം 100 ശതമാനം വേവിച്ചു മാത്രം ഉപയോഗിക്കുക. വേവിക്കാതെ കഴിച്ചാല്‍ കൂടുതല്‍ നല്ലത് എന്ന കുപ്രചരണത്തില്‍ വഞ്ചിതരാവരുത്. വേവിക്കാത്ത വസ്തുക്കള്‍ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യന്റെ ദഹന വ്യവസ്ഥയ്ക്കില്ല.

ഒരു ദിവസം കഴിക്കേണ്ട ഭക്ഷണത്തിന്റെ 50-60 ശതമാനവും പ്രഭാത ഭക്ഷണത്തില്‍ അകത്താക്കുക. ആവിയില്‍ വേവിച്ചതും ചുട്ടെടുക്കുന്നതുമായ ഭക്ഷണം സുരക്ഷിതമാണ്. ചുടുമ്പോള്‍ കരി പുരളാതിരിക്കാനും മുഴുവന്‍ ഭാഗങ്ങളും വെന്തെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുകയും വേണം.

മദ്യപാനം ഒരു ചീത്ത ശീലം


എത്ര തവണ ഇക്കാര്യം കേട്ടിട്ടുണ്ട് എന്നു ചിന്തിച്ചാല്‍ പാടുപെടും. കരളിനെ നശിപ്പിക്കുന്നതാണ് മദ്യത്തിന്റെ അമിതമായ ഉപയോഗം. കരളേ കരളിന്റെ കഷ്ണമേ എന്നൊക്കെ വിളിക്കുംമുമ്പേ എന്താണ് നിലവിലെ കരളിന്റെ അവസ്ഥ എന്നൊന്ന് നോക്കുന്നത് വളരെ നല്ലതായിരിക്കും.

മദ്യത്തില്‍ ധാരാളം ജലാംശം ഉണ്ടല്ലോ എന്നാണ് പൊതുധാരണ. ഇതു തീര്‍ത്തും തെറ്റാണ്. ആല്‍ക്കഹോള്‍ എത്ര നേര്‍പ്പിച്ചാലും അത് ആല്‍ക്കഹോളാണ്. അല്ലാതെ ജലമല്ല. മദ്യത്തിന്റെ നിലവാരത്തിലും മലയാളി യാതൊരു രീതിയിലും ശ്രദ്ധിക്കാറില്ല. ഇത്തരമൊരു അവസ്ഥ സംജാതമാക്കുന്നതില്‍ ഭരണകൂടത്തിനും പങ്കുണ്ട്. മദ്യത്തിന് വന്‍ നികുതി ചുമത്തുമ്പോള്‍ സാധാരണക്കാരനില്‍ നിന്ന് അകലുന്നത് നിലവാരമുള്ള മദ്യം കൂടെയാണ്.

ആരോഗ്യകരമായ രീതിയില്‍ എത്രത്തോളം മദ്യം ആകാം എന്നൊരു സംശയം എല്ലാവര്‍ക്കുമുണ്ട്. മദ്യപാനം എത്ര കുറഞ്ഞ അളവിലാണെങ്കിലും അത് ശരീരത്തിനു ദോഷം ചെയ്യും. കാരണം മദ്യം തലയ്ക്കു പിടിക്കുമ്പോള്‍ ക്ഷിപ്രപ്രതികരണ ശേഷിയാണ് ആദ്യം നഷ്ടപ്പെടുക. ഇതു പല അപകടങ്ങള്‍ക്കും കാരണമാകും. എന്നാല്‍ പൂര്‍ണ ആരോഗ്യവാനായ മനുഷ്യനെ സംബന്ധിച്ച് പറഞ്ഞാല്‍, പുരുഷന്മാര്‍ക്ക് ദിവസം 60 മില്ലിയും സ്ത്രീകള്‍ക്ക് 30 മില്ലിയും ആകാം എന്നാണ് വിദഗ്ധമതം. അതും നിലവാരമുള്ള മദ്യം. ഇത്രയും കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ ഈ സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്.

ആരോഗ്യം കാത്തുസൂക്ഷിക്കുക, രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക


പലരും രോഗ പരിശോധനകള്‍ക്കു വിധേയരാവാത്തതിന്റെ പ്രധാന കാരണം രോഗമുണ്ടെന്നു തെളിഞ്ഞാല്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരികയും ഭക്ഷണ നിയന്ത്രണം കൊണ്ടുവരികയും വേണം എന്നതിനാലാണ്. പരിശോധനകള്‍ കൊണ്ടുള്ള ഗുണം താല്‍ക്കാലിക സുഖത്തിനായി മാറ്റിവച്ചാല്‍ ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടിവരും. ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള പരിശോധന 25 വയസു മുതലെങ്കിലും തുടങ്ങണം. മുടക്കേണ്ടി വരുന്ന പണത്തിനേക്കാളുപരി മെനക്കേട് ആകുമല്ലോ എന്ന അലംഭാവവും ഇത്തരം പരിശോധനകളില്‍നിന്നും നമ്മെ തടയും. അറിവില്ലായ്മയാണിത്. രക്ത സമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പിന്റേയും പഞ്ചസാരയുടേയും അളവ് എന്നിവയെല്ലാം കൃത്യമായ ഇടവേളകളില്‍ പരിശോധനാവിധേയമാക്കണം.

ശരീരത്തിന്റെ ഉയരത്തിന്റേയും ഭാരത്തിന്റേയും അനുപാതം ഇടയ്ക്കിടെ നോക്കണം. ശരീരഭാരത്തെ ഉയരം മീറ്ററില്‍ അളന്നതിനു ശേഷം ആ സംഖ്യയെ അതുകൊണ്ടുതന്നെ ഗുണിക്കുക. അങ്ങനെ കിട്ടുന്ന സംഖ്യകൊണ്ട് ശരീര ഭാരം കിലോഗ്രാമാക്കി അളന്ന് ഹരിക്കുക. ഇതാണ് സൂത്രവാക്യം.

ഉദാഹരണത്തിന് ഒരാള്‍ക്ക് 175 സെന്റീ മീറ്റര്‍ ഉയരമുണ്ടെന്നിരിക്കട്ടെ, അപ്പോള്‍ 1.75 ഗുണം 1.75 സമം 3.0625 എന്നു ലഭിക്കും. ഇയാള്‍ക്ക് 70 കിലോയാണ് ഭാരമെങ്കില്‍ 70 നെ 3.0625 എന്ന സംഖ്യകൊണ്ട് ഹരിക്കുക. 22.86 എന്ന് ഉത്തരം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന സംഖ്യ 18.5 നും 25 നും ഇടയിലാണെങ്കില്‍ നല്ല ആരോഗ്യ സ്ഥിതിയാണെന്ന് മനസിലാക്കാം. 18.5 ല്‍ താഴെയെങ്കില്‍ മെലിഞ്ഞതും 25നു മുകളിലാണെങ്കില്‍ ശരീരം തടിച്ചതുമാണ്.

ഈ വാലന്റൈന്‍സ് ദിനത്തിലെങ്കിലും ഇത്തരം നല്ല തീരുമാനങ്ങളെടുത്ത് നമ്മുടെ ശരീരത്തെ നമുക്ക് സംരക്ഷിക്കാം. ഒരുപക്ഷേ ജീവിത പങ്കാളിക്ക് നല്‍കാവുന്ന ഒരു നല്ലസമ്മാനവും മറ്റൊന്നാവില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top