special page

ശുഹൈബിന്റെ മരണം ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി; കൊല നടത്തിയ ഭീരുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

ശുഹൈബ്

ദില്ലി: കണ്ണൂരില്‍ മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടിഎച്ച്  ശുഹൈബിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശുഹൈബിന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും ശുഹൈബിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വെട്ടേറ്റ് മരിച്ചത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന ശുഹൈബിനെ
ബോംബെറിഞ്ഞ ശേഷം അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. നെഞ്ചിലും കാലിലും ഗുരുതരമായി വെട്ടേറ്റ ശുഹൈബിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശ്ശേരിയിലേക്കും കൊണ്ടുപോയി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ശുഹൈബ് മരിച്ചത്.  ആക്രമണം നടക്കുമ്പോള്‍ ശുഹൈബിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ശുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി നാളെ രാവിലെ പത്ത് മണി മുതല്‍ 24 മണിക്കൂര്‍ ഉപവാസസമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top