പൊലീസിന്റെ ‘ഷൂട്ട് അറ്റ് സൈറ്റി’ല്‍ പേടിച്ച് ഗുണ്ട ബിനു കീഴടങ്ങി; തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും ‘തലവെട്ടി’ ബിനു

ചെന്നൈ: കൊടുവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തുമ്പോള്‍ പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് രക്ഷപെട്ട കുപ്രസിദ്ധ ഗുണ്ട ‘തലവെട്ടി’ ബിനു പൊലീസില്‍ കീഴടങ്ങി. രക്ഷപെട്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് പൊലീസ് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ ബിനു കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി ആറിന് തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തിന് സമീപം മലയംപക്കത്ത് ഒരു രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ബിനുവിന്റെ 47 -ാം ജന്മദിനാഘോഷം നടത്തിയത്. കാറിലും ബൈക്കിലുമൊക്കെയായി നൂറോളം ഗുണ്ടകളാണ് തങ്ങളുടെ പ്രിയനേതാവിന്റെ ജന്മദിനാഘോഷ ചടങ്ങിനെത്തിയത്. കൊടുവാളുപയോഗിച്ച് കേക്ക് മുറിച്ച് ബിനു ജന്മദിനാഘോഷം നടത്തിയതിന് പിന്നാലെ രഹസ്യകേന്ദ്രത്തില്‍ ചാടിവീണ പൊലീസ് സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഗുണ്ടകള്‍ ചിതറിയോടാന്‍ ശ്രമിച്ചെങ്കിലും 73 പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ ബിനുവടക്കം ഏതാനും പേര്‍ രക്ഷപെട്ടു. ഇതിന് പിന്നാലെയാണ് ബിനുവിനു വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതും ഷൂട്ട് അറ്റ് സൈറ്റിന് ഓര്‍ഡറിട്ടതും.

അമ്പാട്ടൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവാണ് ജന്മദിനാഘോഷം നടത്താന്‍ ഒത്തുചേര്‍ന്ന ഗൂണ്ടകളെ കൂട്ടത്തോടെ കുടുക്കിയത്. ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്രിമിനലുകള്‍ മുഴുവന്‍ ഒത്തുചേരുന്നവെന്ന വിവരം സര്‍വേശ് വേലു ഉടന്‍ കമ്മീഷണര്‍ എകെ വിശ്വനാഥനെ അറിയിച്ചതാണ് ഗുണ്ടാസംഘത്തെ കുടുക്കാന്‍ സഹായിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഒരു ഗൂണ്ടയെ പിടികൂടിയതോടെയാണ് ഗൂണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തെക്കുറിച്ച് പൊലീസിന് അറിവ് കിട്ടിയത്. തുടര്‍ന്നാണ് വന്‍പൊലീസ്  സന്നാഹത്തോടെ  ‘ഓപ്പറേഷന്‍ ബെര്‍ത്ത്‌ഡേ’ എന്ന പേരില്‍  റെയ്ഡ് നടത്തി മലയാമ്പക്കം ലോറി ഷെഡ്ഡില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ഗൂണ്ടകളെ പിടികൂടിയത്. നിരവധി ആയുധങ്ങളും മൊബൈല്‍ ഫോണുകളും ഗുണ്ടകളില്‍ നിന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഗുണ്ടകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും മൊബൈല്‍ ഫോണുകളുമായി പൊലീസ്‌

കഴിഞ്ഞ രണ്ട് വര്‍ഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ് വരികയാണ് തൃശൂരില്‍ നിന്ന് തമിഴ്‌നാട്ടില്‍ കുടിയേറിയ ബിന്നി പാപ്പച്ചന്‍ എന്ന ‘തലവെട്ടി’ ബിനു.  ചെയ്യുന്ന കൃത്യത്തിന്റെ കൃത്യതകൊണ്ടാണ് ‘തലവെട്ടി’ എന്ന് വിളിപ്പേര് ബിനുവിന് വീണത്.

അതേസമയം, തന്നെക്കുറിച്ച് പ്രചരിക്കുന്ന കഥകളിലൊന്നും സത്യമില്ലെന്ന് പൊലീസില്‍ കീഴടങ്ങിയ ബിനു പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിന് എത്തണം എന്നു സുഹൃത്തു പറഞ്ഞതിനാലാണു ചെന്നൈയില്‍ താന്‍ എത്തിയതെന്ന്
ബിനു പറയുന്നു. ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് ഇത്രയും ആളുകള്‍ ഇവിടെ എത്തിയ വിവരം പോലും താനറിയുന്നത് . ഇതിലൊന്നും തനിക്കു യാതൊരു പങ്കും ഇല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രണ്ട് വര്‍ഷം മുന്‍പ് ചെന്നെ വിട്ടുപോയ താന്‍ കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് ഇവിടെ വന്നതെന്നും മറ്റ് ബന്ധങ്ങളൊന്നും തനിക്ക് ഇവിടെയില്ലെന്നുമാണ് ബിനു പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top