കമിതാക്കള്‍ പ്രണയ ദിനം ആഘോഷിക്കേണ്ട, ക്യാമ്പസിന് അവധി പ്രഖ്യാപിച്ച് ലക്‌നൗ സര്‍വകലാശാല

ലക്‌നൗ: പ്രണയ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളെജില്‍ എത്തുന്നത് വിലക്കി ലക്‌നൗ സര്‍വകലാശാല. നാളെ വിദ്യാര്‍ത്ഥികള്‍ ആരും ക്യാമ്പസില്‍ എത്തേണ്ടതില്ലെന്നും സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ശിവരാത്രിയുടെ ഭാഗമായി സര്‍വകലാശാല അടച്ചതെന്നാണ് വിശദീകരണം.

കുറച്ച് വര്‍ഷങ്ങളായി പാശ്ചാത്യ സംസ്‌കാരം ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ദിനം ആഘോഷിച്ചുവരികയാണ്. എന്നാല്‍ ശിവരാത്രി പ്രമാണിച്ച് സര്‍വകലാശാലയ്ക്ക് അവധിയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍വകലാശാലയ്ക്ക് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേദിവസം പരീക്ഷകളോ മറ്റ് ഔദ്യോഗിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍വകലാശാലയുടെ മുഖ്യ ഭരണാധികാരി വിനോദ് സിംഗാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചിട്ടുള്ളത്.

ലക്‌നൗ സര്‍വകലാശാലയുടെ നടപടിയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍വകലാശാലയ്ക്ക് അവധി നല്‍കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ക്യാമ്പസില്‍ പ്രവേശിക്കരുതെന്ന് ഉത്തരവിടാന്‍ അധികാരമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. കഴിഞ്ഞ വര്‍ഷം പ്രണയ ദിനത്തില്‍ പൂക്കളോ മറ്റ് സമ്മാനങ്ങളോ ക്യാമ്പസില്‍ കൊണ്ടുവരുന്നത് സര്‍വകലാശാല വിലക്കിയതും ഏറെ വിവാദമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top