മാണിയുടെ അഴിമതി തെളിയിച്ചാല്‍ ബാറുകള്‍ തുറന്ന് തരാമെന്ന് സിപിഐഎം വാക്ക് തന്നിരുന്നു: വെളിപ്പെടുത്തലുമായി ബിജു രമേശ്


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്ന് നല്‍കാമെന്ന് സിപിഐഎം വാക്ക് നല്‍കിയിരുന്നതായി ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. അന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച് വാക്ക് നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു. എന്നാല്‍ ഭരണത്തിലെത്തിയപ്പോള്‍ സിപിഐഎം വാക്കുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“സത്യം തെളിയിക്കുകയാണെങ്കില്‍ പൂട്ടിയ ബാറുകള്‍ തുറന്ന് തരാമെന്ന് അന്നത്തെ സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പറഞ്ഞതാണ്. തെളിവിന് വേണ്ടി എന്റെ ജീവനും എല്ലാം പണയപ്പെടുത്തിയാണ് ഞാന് മുന്നില്‍ നിന്ന് പോരാടിയത്. എല്ലാ തെളിവുകളും കൊടുത്തു. അത് ഇനി തെളിയിക്കേണ്ടത് ഇപ്പോഴിരിക്കുന്ന സര്‍ക്കാരാണ്. ഈ വിജിലന്‍സ് ഉദ്യോഗസ്ഥരാണ്. അവരെക്കൊണ്ട് ചെയ്യിക്കേണ്ട ബാധ്യത ഈ സര്‍ക്കാരിനാണ്. നിങ്ങള്‍ ഇത് തെളിയിക്കൂ, തെളിയിച്ചാല്‍ ഞങ്ങള്‍ അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറന്ന് തരാം. ഇങ്ങനെയായിരുന്നു വാക്കുകള്‍”. ബിജു രമേശ് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് ഉറപ്പ് നല്‍കിയത്. ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ വെള്ളപൂശിയാല്‍ എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് പറയേണ്ടി വരും. ബിജു രമേശ് ചൂണ്ടിക്കാട്ടി.

ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജു രമേശ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 17 ന് കേസിലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളതാണ് ഈ റിപ്പോര്‍ട്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലന്‍സ് 45 ദിവസത്തെ സമയം കൂടി അന്ന് അനുവദിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top