ശുഹൈബ് പാര്‍ട്ടിയ്ക്ക് വേണ്ടി ചെറുത്തുനിന്ന നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ്; കൊലയാളികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സുഹൃത്ത് [വീഡിയോ]

കണ്ണൂര്‍: കണ്ണൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലയാളികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസിന്റെ പ്രതികരണം. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു റിയാസ്.

സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്ന എടയന്നൂരില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ചെറുത്തുനിന്നത് ശുഹൈബായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാഴ്ച ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന ശുഹൈബ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

വെളുത്ത വാഗ്‌നര്‍ കാറിലെത്തിയ സംഘം മറ്റുള്ളവരെ തള്ളിമാറ്റി ശുഹൈബിനെ വെട്ടുകയായിരുന്നുവെന്ന് സുഹൃത്ത് റിയാസ് പറയുന്നു. ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോയും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.

രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി. ശുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നായിരുന്നു മുദ്രാവാക്യം. അതേസമയം റാലിയില്‍ വിളിച്ച മുദ്രാവാക്യവും ഈ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top