അരികില്‍ ഉണ്ടായിരുന്നെങ്കില്‍…. വെറുതെ നിനച്ച് പോകുന്നു

ഒഎന്‍വി എന്ന ത്രയാക്ഷര നക്ഷത്രം വിസ്മൃതികളിലെവിടെയോ വിലയം പ്രാപിച്ചിട്ട് ഇന്ന് രണ്ട്‌വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളത്തിന്റെ കാവ്യഗാന ശാഖയില്‍ തന്റേതായ യുഗം ചേര്‍ത്തുവെച്ചാണ് കവി 2106 ഫെബ്രുവരി പതിമൂന്നിന് മിഴിച്ചെപ്പടച്ചത്. ഒരേസമയം പ്രകൃതിയേയും മണ്ണിനേയും മനുഷ്യനേയും അടയാളപ്പെടുത്തുന്ന കവിതകളാലും പ്രണയവും വിരഹവും ഒരേ വരികളില്‍ ആവാഹിച്ച ചലച്ചിത്ര ഗാനങ്ങളാലും സമ്പന്നമായിരുന്നു കവി തുന്നിയ കാവ്യയുഗം. ഒരുകാലത്ത് ഒരു ജനതയുടെ തന്നെ ആത്മാവില്‍ ആവേശത്തിരയിളക്കിയ, ആബാല വൃദ്ധം ജനങ്ങളുടേയും സിരകളില്‍ വീര്യം പടര്‍ത്തിയ വിപ്ലവഗാനങ്ങളും ഇടവേളകളില്‍ മനസില്‍ കുളിര്‍മഴ പെയ്യിച്ച് പാറിമറയുന്ന ലളിത സുന്ദര ഗാനങ്ങളും കാവ്യയുഗത്തിന്റെ സമ്പന്നതയ്ക്ക് കൂടുതല്‍ മിഴിവേകി.

മനുഷ്യന്റെയും പ്രകൃതിയുടേയും മണ്ണിന്റെയും കവിയായിരുന്നു ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഒഎന്‍വി കുറുപ്പ്. ബിംബ സങ്കല്‍പ്പത്തേക്കാള്‍ മനുഷ്യത്വ സങ്കല്‍പ്പത്തിലായിരുന്നു കവിയുടെ താത്പര്യം. കാണുന്നതെന്തും ഒഎന്‍വിക്ക് കവിതയ്ക്ക് വിഷയമായിരുന്നു. എന്ത് ചെറിയ കാര്യവും കവിതയ്ക്ക് വിഷയമാക്കിയിരുന്നു ഒഎന്‍വി. ആ കവിതകളിലെല്ലാം പ്രപഞ്ചത്തോടുള്ള തന്റെ കരുതലും പ്രതിബദ്ധതയും വിളിച്ചോതി. കവിതകളിലൂടെ പ്രപഞ്ചത്തിന് കൈത്താങ്ങാകാന്‍, സ്ത്രീ സമൂഹത്തിന് കാവലാളാകാന്‍ എന്നും ഒഎന്‍വി ആഗ്രഹിച്ചു. മാരനെയല്ല, മണാളനെയല്ല നിന്‍ മാനം കാക്കുമൊരാങ്ങളയെ എന്ന വരികളില്‍ സ്ത്രീകളോടുള്ള ആദരവും സ്‌നേഹവും അവരുടെ സുരക്ഷയിലുള്ള ആകാംക്ഷയും പ്രകടമാകുന്നു. കൊച്ചുദുഖം എന്ന കവിത ഏതൊരു വ്യക്തിയേയും തന്റെ ബാല്യകാലത്തിന്റെ കയ്പ്പുനീരിലേക്ക് അറിയാതെ വരവേറ്റുപോകും. കുട്ടിക്കാലത്ത് തനിക്ക് ലഭിച്ച ചോക്ലേറ്റിന്റെ കവര്‍ റെയില്‍വെ പഌറ്റ് ഫോമില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഒരു കുട്ടി എടുത്ത് മണത്ത് നേക്കുന്നത് കണ്ട് നൊമ്പരപ്പെട്ട മനസ്സും അത് പിന്നീട് കവിതയ്ക്ക് വിഷയമാക്കിയതും കവിയുടെ മനുഷ്യത്വത്തിന്റെ ചിത്രണം കൂടിയാണ്. ഭൂമിതന്നുപ്പ് നുകര്‍ന്നു നീ പൈതലേ ഭൂമിതന്നുപ്പായി വളരൂ എന്ന വരികളില്‍ മനുഷ്യനും ഭൂമിയും തമ്മിലുള്ള പരസ്പരാശ്രയത്തിന്റെ അറിവാണ് പകരുന്നത്.

സ്മരണകളേയും ചിന്തകളേയും ഇരമ്പിച്ച ബലികുടീരങ്ങളെ ഒരു കാലഘട്ടത്തിന്റെ ജീവനാളമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജീവവായു പകരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു ഒഎന്‍വിയുടെ വിപ്ലവ വീര്യം തുളുമ്പിയ രചനകള്‍. പാമ്പുകള്‍ക്ക് മാളമുണ്ട്, ചില്ലിമുളം കാടുകളില്‍, പൊന്നരിവാളമ്പിളിയിലെ, മാരിവില്ലിന്‍ തേന്‍മലരെ, തലയ്ക്കു മീതേ ശൂന്യാകാശം തുടങ്ങി അക്കാലത്തിറങ്ങിയ നാടക ഗാനങ്ങള്‍ ഇന്നും പോറലേല്‍ക്കാതെ വിളങ്ങി നില്‍ക്കുന്നത് ഒഎന്‍വിയുടെ കാവ്യ സുഗന്ധത്തിന്റെ ഉദാഹരണമാണ്. കേരളീയ മനസ് സാഹിത്യവഴിയിലൂടെ വിപ്ലവവീര്യത്തെ നുകര്‍ന്നതിന്റെ ഏകകാരണം ഒഎന്‍വി ആയിരുന്നു.

എങ്കിലും ഒഎന്‍വി യുടെ ഇന്ദ്രജാലങ്ങള്‍ ഏറെയും പെയ്തു വീണത് മലയാള സിനിമാഗാന ശേഖരത്തിലേക്കാണെന്നത് നിസ്സംശയം പറയാം. വിപ്ലവവും കവിതയും സിനിമാ ഗാനവും ഒരേപോലെ വിരല്‍ത്തുമ്പില്‍ ആവാഹിക്കാന്‍ ഈ പ്രതിഭയ്ക്ക് സാധിച്ചു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം കവിയിലെ രചനയെ സ്വാധീനിച്ചിരുന്നില്ല. വിപ്ലവം നിറയ്ക്കുന്ന വരികളെഴുതിയ വിരലുകള്‍ തന്നെയാണ് പ്രക്ഷുബ്ധമാകുന്ന കടലിനോട് സാഗരമേ ശാന്തമാക നീ എന്ന് പറഞ്ഞത്. കാതില്‍ തേന്‍മഴയായ് പാടൂ കാറ്റേ കടലേ എന്നെഴുതിയും ഈ തൂലികതന്നെ. നോക്കി നിന്ന് കൊതിക്കുന്ന, അരികില്‍ ആശ്രയമായി, രക്ഷകനായി, നുള്ളിനോവിക്കാതെ നില്‍ക്കാന്‍ കൊതിക്കുന്ന പ്രണയമാണ് ഒഎന്‍വി യുടെ സിനിമാ ഗാനങ്ങളില്‍ ഏറെയും നിഴലിച്ചത്. ഒപ്പം വിരഹത്തിന്റെ മൂര്‍ദ്ധന്യതയും ആ രചനകളില്‍ രുചിച്ചു സംഗീത പ്രേമികള്‍.

മുഖപടം മെല്ലെ തെല്ലൊതുക്കുന്നത് പോലെ, നൂപുരനാദം മന്ദം മായുന്നത് പോലെ, അരില്‍ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ നിനച്ചത് പോലെ, താഴംപൂ കാറ്റുതലോടിയ പോലെ അയത്‌ന ലളിതമായിരുന്നു ഒഎന്‍വിക്ക് ഓരോ രചനകളും.

ഒരുവാക്കില്‍ ഒരായിരം വിസ്മയങ്ങളെ പേറുന്നവയായിരുന്നു ഒഎന്‍വിയുടെ സിനിമാ ഗാനങ്ങള്‍. ആദ്യ പ്രണയിനിയെ കാമുകന് വിശേഷിപ്പിക്കുവാന്‍ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി എന്ന് കുറിച്ചപ്പോള്‍ മുന്നില്‍ കരയുന്ന കണ്ണുകളുമായി നില്‍ക്കുന്ന പ്രണയിനിയെ നോക്കി നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി എന്നരികില്‍ നിന്നു എന്ന് വിശേഷിപ്പിച്ചു. അസ്തമയ സൂര്യനെ നോക്കി പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു എന്ന് പറഞ്ഞ് വിസ്മയങ്ങള്‍ തുടങ്ങിവെച്ചു. പിന്നീട് ആയിരത്തിലേറെ ഗാനങ്ങളാണ് ആ വിസ്മയച്ചെപ്പ് തുറന്ന് നമ്മിലേക്ക് വെളിച്ചം വീശിയത്. രാത്രിയിലേക്ക് നീങ്ങുന്ന പകലിനെ അടിവെച്ചകലും പകലെന്ന് (ഇസബെല്ല) വിശേഷിപ്പിക്കുമ്പോള്‍ പകലിന്റെ ആ ഇഴഞ്ഞുള്ള പ്രയാണം അതില്‍ നിഴലിക്കുന്നു. മരണത്തെ സാന്ദ്രമാം മൗനത്തിന്റെ കച്ചപുതച്ചത് പോല(ലാല്‍ സലാം) കാണുന്ന ഭാവന ജനനത്തെ മലരൊളിയായും മന്ദാര മലരായും നോക്കിക്കാണുന്നു. പൊന്നുപോലുരുകുന്ന സായംസന്ധ്യയില്‍ അനിവാര്യമായ വേര്‍പിരിയലിന് മുന്നില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന പ്രണയാര്‍ദ്ര മനസുകളുടെ വേദന അയിത്തത്തിലെ ഒരുമിച്ചു ചേരും നാം എന്നു തുടങ്ങുന്ന ഗാനത്തില്‍ പൂര്‍ണമായും അനുഭവിച്ചറിയുന്നു.

അക്ഷരക്കുലകള്‍ കൊണ്ട് മലയാളത്തിന്റെ ഉണ്ണികളെയൊക്കെ കാവ്യാമൃതം ഊട്ടിയ കവി മാരിവില്ലുപോലെ മാഞ്ഞുപോയപ്പോള്‍ എവിടൊക്കെയോ നിഴലിക്കുകയാണ് ശൂന്യത. ഒഎന്‍വി എന്ന കവി അങ്ങകലെ, ജനിമൃതികള്‍ക്കുമകലെ നില്‍ക്കുകയാണ്. മലയാളത്തിന്റെ രക്ഷകനായി, കാവലാളായി. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിഞ്ഞ സൂര്യന്‍, സുസ്‌നേഹമൂര്‍ത്തിയാം സൂര്യന്‍. ഇന്നും അരികില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഒരുമാത്ര വെറുതെ നിനച്ചുപോവുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top