‘മാണിക്യമലരായ പൂവി’ സംഗീതം ചെയ്ത് ആലപിച്ചതാര്? അന്വേഷണം തകൃതി; ആഹ്ലാദം മറച്ചുവയ്ക്കാതെ പാട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് തലശ്ശരി കെ റഫീഖ്


‘മാണിക്യമലരായ പൂവിയുടെ’ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. രാജ്യങ്ങളുടെ അതിര്‍ത്തികളും ഭേദിച്ച് ഗാനം മുന്നേറുകയാണ്. എന്നാല്‍ ഗാനം കേള്‍ക്കുന്ന ആളുകള്‍ പലപ്പോഴും അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്, ആദ്യമായി ഈ ഗാനം സംഗീതം ചെയ്ത് ആലപിച്ചത് ആരാണ്? ഇതിനുത്തരം തേടിയ അന്വേഷണം തലശ്ശേരിയില്‍ അവസാനിക്കും. തലശ്ശേരി കെ റഫീഖ് എന്ന അസാമാന്യ പതിഭയാണ് ഈ ഗാനം ആദ്യമായി പൊതുസമൂഹത്തിനാണ് സമര്‍പ്പിച്ചത്. മലയാള സിനിമാ സംഗീതരംഗത്തിന് തനത് ശൈലി സമ്മാനിച്ച കെ രാഘവന്‍ മാസ്റ്ററുടെ ശിഷ്യനാണ് ഇദ്ദേഹം. അദ്ദേഹംതന്നെ ഗാനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവച്ചു.

ഈ ഗാനത്തിന്റെ ജനനം 1978ലാണ്. റഫീഖ് പറഞ്ഞു. 1976ലായിരുന്നു തന്റെ വിവാഹം. ഭാര്യയുടെ ഒരു അടുത്ത ബന്ധുവായിരുന്നു ഈ ഗാനം രചിച്ച പിഎംഎ ജബ്ബാര്‍. അന്നുമുതല്‍ തുടങ്ങിയതാണ് ജബ്ബാറുമായുള്ള ബന്ധം. തന്നേക്കാള്‍ പ്രായം കൊണ്ട് 7 വയസിന് ഇളപ്പമാണദ്ദേഹം. എന്നാല്‍ വിനയത്തിലും ഭക്തിയിലും നന്മയില്‍ ഏറെ മുന്നില്‍. 40ല്‍ കൂടുതല്‍ ഗാനങ്ങള്‍ താന്‍ അദ്ദേഹത്തിന്റേതായി മാത്രം സംഗീതം ചെയ്ത് ആലപിച്ചിട്ടുണ്ടെന്നും തലശ്ശേരി കെ റഫീഖ് പറയുന്നു.

മുഹമ്മദ് നബിയുടെ ഭാര്യയേക്കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയുമായുള്ള വിവാഹത്തേക്കുറിച്ചുമുള്ള വിശേഷമാണ് പാട്ടിലുള്ളത്. പാടിയവയില്‍ ഏറ്റവും പ്രശസ്ത ഗാനമാണിത്. ജബ്ബാറും താനു ചേര്‍ന്ന് ഗാനം തയാറാക്കുമ്പോഴേ അറിയാമായിരുന്നു ഇത് ജനഹൃദയങ്ങള്‍ ഏറ്റെടുക്കുമെന്ന്. തലശ്ശേരി കെ റഫീക്ക് ആഹ്ലാദം മറച്ചുവച്ചില്ല.

ആകാശവാണിയിലാണ് ഈ ഗാനം ആദ്യമായി ആലപിക്കുന്നത്. അയലത്തെ മൊഞ്ചത്തി എന്ന 1979ല്‍ പുറത്തുവന്ന ആല്‍ബത്തില്‍ ഈ ഗാനവും ഉള്‍പ്പെട്ടിരുന്നു. അന്നത്തെ രീതിയില്‍ മികച്ച പ്രതികരണമാണ് കേള്‍വിക്കാരില്‍നിന്നും ലഭിച്ചത്. പിന്നീട് ദൂരദര്‍ശനിലും ഇതേ ഗാനം ആലപിച്ചു. ഏഷ്യാനെറ്റും കൈരളിയും വന്നതിനുശേഷവും ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചു. റഫീഖ് പറഞ്ഞു.

എഴുതി ചിട്ടപ്പെടുത്തിയ കാലത്ത് മാപ്പിളപ്പാട്ടിന് ഇത്ര പ്രചാരമില്ലായിരുന്നു. കെ രാഘവന്‍ മാസ്റ്ററാണ് മാപ്പിളപ്പാട്ട് ജനങ്ങള്‍ക്ക് ഇത്രമേല്‍ പ്രിയങ്കരമാക്കിയത്. രാഘവന്‍ മാസ്റ്ററുമായി നാല് പതിറ്റാണ്ട് നീണ്ട ബന്ധമാണുള്ളത്. അദ്ദേഹമാണ് 1969ല്‍ തന്നെ ആകാശവാണിയില്‍ പരിചയപ്പെടുത്തുന്നത്. മരണം വരെ അദ്ദേഹത്തില്‍നിന്ന് അകന്ന് താന്‍ നിന്നിട്ടില്ല. മരിക്കുന്ന നിമിഷവും അടുത്തുണ്ടായിരുന്നു. ഗുരുവിനേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലും സന്തോഷം പകര്‍ന്നു.

ചില മതമൗലിക വാദികള്‍ ഈ ഗാനത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനേക്കുറിച്ചും അദ്ദേഹം മനസുതുറന്നു. ദൈവത്തിന്റ രക്ഷയും സമാധാനവും നിങ്ങളിലുണ്ടാകട്ടെ എന്നാണ് ഒരു ഇസ്ലാമിക ചര്യകള്‍ പിന്‍പറ്റുന്ന ഒരാള്‍ ആശംസിക്കുന്നത്. അതുപോലെ താങ്കളുടെ മേലും ഉണ്ടാകട്ടെ എന്നാണ് മറുപടിയും. എല്ലാ മനുഷ്യരോടുമാണ് ഇങ്ങനെ ആശംസിക്കേണ്ടത്. അല്ലാതെ ഇസ്ലാം മതത്തില്‍പ്പെട്ടവരോട് മാത്രമല്ല. ഇത്തരത്തില്‍ എല്ലാ മനുഷ്യര്‍ക്കും സുഖവും സന്തോഷവും കിട്ടണം എന്നതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. അല്ലാതെ അപരനെ ഉപദ്രവിക്കണം എന്നല്ല. ആദ്യം മതം പറയുന്നതെന്താണെന്ന് പഠിക്കുകയാണ് മത മൗലികതവാദികള്‍ ആദ്യം ചെയ്യേണ്ടത്. അത്തരത്തില്‍ വിശാലമായ കാഴ്ച്ചപ്പാടില്‍ കണ്ടാല്‍ ഒരിക്കലും ഗാനത്തേക്കുറിച്ച് അരുതാത്തത് പറയാന്‍ തോന്നുകയില്ല എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ 99ശതമാനം ആളുകളും നല്ലവരാണ്. ബാക്കിയുള്ള ഒരു ശതമാനം മതം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൂരദര്‍ശനിലും ഡിഡി ഭാരതിയിലും പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് ഡിഡി ഭാരതിയില്‍ കേരളത്തില്‍ പാടിയ ഒരേയൊരാളാണ് തലശ്ശേരി കെ റഫീഖ്. പത്രങ്ങള്‍ എഴുതി ദേശീയ തലത്തില്‍ മാപ്പിളപ്പാട്ടിന് അഗീകാരം നേടിക്കൊടുത്ത ഗായകന്‍ എന്ന് റഫീഖിനെ വിശേഷിപ്പിച്ചു. രണ്ട് തവണ അദ്ദേഹം ഭാരതിയില്‍ പാടി. ടി ചാമിയാര്‍ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന സമയത്താണ് ഭാരതിയില്‍ പാടാന്‍ അവസരം ലഭിച്ചത്. ടി ചാമിയാറുമായും അദ്ദേഹം നല്ല ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.

കേരളാ മാപ്പിളകല അക്കാദമി സ്ഥാപിച്ചത് തലശ്ശേരി കെ റഫീഖാണ്. കലയിലൂടെ, സംഗീതത്തിലൂടെ വിശിഷ്യാ മാപ്പിളപ്പാട്ടിലൂടെ മാനവികതയെ ശക്തിപ്പെടുത്തുക, ഐക്യം കാത്തുസൂക്ഷിക്കുക, ശാന്തിയുടേയും സമാധാനത്തിന്റെയും തെളിനീരൊഴുക്കുക എന്നതാണ് കേരളാ മാപ്പിളകലാ അക്കാദമിയുടെ ലക്ഷ്യം. മാപ്പിളപ്പാട്ടുള്‍പ്പെടെയുള്ള കലകളെ അഭിവൃദ്ധിയും സംഘടന ലക്ഷ്യമിടുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവായ ഔസേപ്പച്ചനും ഗാനം ഹിറ്റായതിന്റെ സന്തോഷത്തിലാണ്. ചിത്രത്തിന്റെ പുതിയ ടീസര്‍ ചൊവ്വാഴ്ച്ച പുറത്തിറങ്ങും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top