മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കാസര്‍ഗോഡ് സിപിഐ ജില്ലാ സമ്മേളനം; കൂടിയാലോചനകള്‍ ഇല്ലാതെയാണ് തീരുമാനങ്ങള്‍ എന്നും വിമര്‍ശനം

കാസര്‍ഗോഡ്:  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനം. എല്‍ഡിഎഫ് തലവന്‍ കൂടിയായ പിണറായി വിജയന്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് എന്നത് വെറും തെരഞ്ഞെടുപ്പ് സംവിധാനം മാത്രമായി മാറിയെന്നും സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയെ സമ്മേളനത്തില്‍ പല അംഗങ്ങളും രൂക്ഷമായാണ് വിമര്‍ശിച്ചത്. എല്‍ഡിഎഫിന്റെ തലവന്‍ കൂടിയായ മുഖ്യമന്ത്രി ഘടകകക്ഷികളോട് പോലും ആലോച്ചിക്കാതെ സ്വന്തം നിലയിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് പ്രസ്ഥാവന തിരുത്തേണ്ടി വന്നു.

സിപി ഐ മന്ത്രിമാരെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.  സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണത്തെ തടയിടാന്‍ മന്ത്രിമാര്‍ക്ക് ആയില്ല. അഴിമതി നടത്തുന്നില്ല എന്നത് കൊണ്ട് നല്ല മന്ത്രിമാരാകുന്നില്ല. സ്വന്തം ജില്ലയിലെ പട്ടയ പ്രശ്‌നത്തിന് പോലും റവന്യു വകുപ്പ് മന്ത്രിക്ക് പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ തലവനായിട്ട് കൂടി മന്ത്രി ഇ ചന്ദ്രശേഖരന് കാര്യങ്ങള്‍ വേണ്ട രീതിയില്‍ ജനങ്ങളെ ബോധ്യപെടുത്താന്‍ കഴിഞ്ഞില്ല. ഇതിന്റെ ആക്ഷേപം പാര്‍ട്ടിക്കാണ് നേരിടേണ്ടി വന്നത്. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, ലോ കോളേജ്,  ജിഷ്ണു പ്രണോയി വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കൈക്കൊണ്ട തീരുമാനങ്ങള്‍ സംഘടനയ്ക്ക് കരുത്തായെന്നും പ്രതിനിധികള്‍ ചൂണ്ടികാട്ടി. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടിക്ക് ഇനിയും വളര്‍ച്ചയുണ്ടാകുമെന്നും സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top