“മാണിക്യ മലരായ പൂവി..”, ആസ്വാദകരുടെ ഹൃദയം കവര്‍ന്ന കവി ദാ ഇവിടെയുണ്ട്

ചിത്രത്തിന് കടപ്പാട്: മാധ്യമം

മാണിക്യമലരായ പൂവി എന്ന ഗാനം യുടൂബില്‍ തരംഗം സൃഷ്ടിക്കുകയാണ്. അതിമനോഹരമായ സംഗീതവും ഹൃദ്യമായ വരികളുമായി ഗാനം കേള്‍വിക്കാരെ കീഴടക്കി. എന്നാല്‍ ഇത്ര മനോഹരമായ വരികള്‍ എഴുതിയ കവി എവിടെയാണെന്ന് ഏവരും തിരക്കുന്നുണ്ട്. അതിനുത്തരവും കൊണ്ട് റിപ്പോര്‍ട്ടുകള്‍ വരുന്നത് ഇവിടെനിന്നുമല്ല, സൗദിയില്‍നിന്നാണ്!

റിയാദിലെ മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ ആഷിഖ് സ്‌റ്റോര്‍ ബഖാലയില്‍ നിന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു. പിഎംഎ ജബ്ബാര്‍ കരുപ്പടന്ന എന്ന ഈ പ്രതിഭ അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മാണിക്യമലരായ പൂവിതന്നെ. ഗാനത്തില്‍ ഷാന്‍ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമര്‍ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായി എന്ന് അദ്ദേഹം പറയുന്നു.

1978ലാണ് ഈ ഗാനം എഴുതുന്നത്. വളരെ പ്രശസ്തനായ റഫീഖ് തലശ്ശേരി ഈ ഗാനം ഈണമിട്ട് പാടി. ജബ്ബാറിന്റെ നിരവധി ഗാനങ്ങള്‍ റഫീഖ് തലശ്ശേരി ഇതുപോലെ സംഗീതം നല്‍കി പാടിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് അനുവാദം ചോദിച്ച് ഷാന്‍ റഹ്മാന്‍ ബന്ധപ്പെട്ടിരുന്നു. സന്തോഷം തോന്നി. ഗാനം പുറത്തുവിടുന്ന കാര്യവും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നുവെന്നും ജബ്ബാര്‍ പറയുന്നു.

മുഹമ്മദ് നബിയുടേയും ഭാര്യ ഖദീജയുടേയും ആഴത്തിലുള്ള പ്രണയമാണ് ഗാനത്തിലൂടെ ജബ്ബാര്‍ ആവിഷ്‌കരിച്ചത്. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമേയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യ ആയിഷ, അമീനും റഫീദയുമാണ് മക്കള്‍. 16 വയസുമുതല്‍ ഗാനങ്ങള്‍ എഴുതുന്ന ജബ്ബാര്‍ നാട്ടില്‍ പോയിവരുമ്പോള്‍ പ്രധാനമായി കൊണ്ടുവരുന്നത് വായിക്കാനുള്ള പുസ്തകങ്ങളാണ്. വായനയാണ് വാക്കുകളുടെ സമ്പത്തുണ്ടായതെന്നും ജബ്ബാര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top