മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കടുത്ത ആരാധകനാണ് താന്‍; ആമിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ടോവിനോ

ആമിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ടോവിനോ തോമസ്. തന്റെ സിനിമാ കരിയറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് ആമിയിലേതെന്നും ടോവിനോ പറയുന്നു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ആമിയെപറ്റിയുള്ള ടോവിനോയുടെ പ്രതികരണം.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് ആറ് വര്‍ഷമായിട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന സംവിധായകന്റെ ഒപ്പം അഭിനയിക്കുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ടെന്നും ടോവിനോ പറയുന്നു. ആമി ഒരിക്കലും ചെറിയ സിനിമയല്ല മറിച്ച് വലിയ കാന്‍വാസിലൊരുങ്ങുന്ന വലിയ സിനിമയാണ്.

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കടുത്ത ആരാധകനാണ് താന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ചപ്പോള്‍ തുടങ്ങിയ ആരാധനയാണിത്. പിന്നീടങ്ങോട്ട് മാധവിക്കുട്ടിയുടെ മുഴുവന്‍ കൃതികളും വായിച്ചിരുന്നുവെന്നും ടോവിനോ വീഡിയോയില്‍ പറയുന്നു.

സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി. ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

മഞ്ജു വാര്യര്‍ എന്ന നടിയ്‌ക്കൊപ്പം സ്‌ക്രീനില്‍ അഭിനയിക്കാന്‍ സാധിച്ചതും വലിയൊരു അനുഭവമായിരുന്നു. എല്ലാ പ്രേക്ഷകര്‍ക്കും തിയേറ്ററിലെത്തി കാണാവുന്ന ചിത്രമാണ് ആമിയെന്നും ടോവിനോ വീഡിയോയില്‍ പറയുന്നു.

ഏറെ വിവാദങ്ങള്‍ക്കിടെ ആമി കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രീകരണം മുതല്‍ തന്നെ ആമിയില്‍ നിന്ന് വിവാദങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. ചിത്രത്തില്‍ മാധവിക്കുട്ടിയായി ആദ്യം എത്തുമെന്ന് ഉറപ്പിച്ച വിദ്യാ ബാലന്റെ പിന്‍മാറ്റത്തിലുടെയാണ് സിനിമ ആദ്യം ചര്‍ച്ചാ വിഷയമായത്. തുടര്‍ന്ന് സമൂഹത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമായ മഞ്ജു വാര്യരാണ് ആമിയാകാന്‍ എത്തിയത്.

ശേഷം ലൗ ജിഹാദ് സിനിമയുടെ പ്രമേയമാണെന്ന് ആരോപിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ പിന്‍തുടര്‍ന്നെങ്കിലും ആമിയെ തന്‍മയീ ഭാവത്തോടെ ഏറ്റെടുത്ത് മഞ്ജു അഭ്രപാളിയിലെത്തിയത് ചിത്രത്തിന് നിറ ഭംഗിയേകി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top