മോദിയുടെ മസ്‌കറ്റിലെ പൊതുസമ്മേളനത്തിന് ഇന്ത്യന്‍ പ്രവാസികള്‍ എത്തിയില്ല; പ്രവൃത്തി ദിവസമായതിനാലെന്ന് സംഘാടകരുടെ വിശദീകരണം

നരേന്ദ്ര മോദിയുടെ മസ്‌കറ്റിലെ പൊതുസമ്മേളനത്തിലെ പ്രസംഗം

മസ്‌കറ്റ്: ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റിലെ പൊതുപരിപാടിയില്‍ കാണികള്‍ കുറഞ്ഞതിന്റെ പേരില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പരിപാടിയുടെ സംഘാടകരും ഇതിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ എംബസിയും ബിജെപിയും.

ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായ സുല്‍ത്താന്‍ ഖ്വാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മോദിയുടെ പൊതുപരിപാടി സംഘടിപ്പിച്ചത്. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. മുഴുവന്‍ ടിക്കറ്റുകളും വിതരണം ചെയ്‌തെങ്കിലും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് കഷ്ടിച്ച് 13,000 പേര്‍ മാത്രം. വൈകുന്നേരം ആറിന് പരിപാടി ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഒടുവില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചപ്പോല്‍ സ്‌റ്റേഡിയത്തിലെ പകുതിലധികം കസേരകളും ഒഴിഞ്ഞുതന്നെ കിടന്നു.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ക്ലബ് മുഖേനയായിരുന്നു ആദ്യഘട്ട രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന് ഉദ്ദേശിച്ച രീതിയില്‍ പ്രതികരണം ഉണ്ടാകാതിരുന്നതോടെ എംബസിയുടെ വെബ് സൈറ്റ് മുഖേനയും രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.

ഇതുകൂടാതെ തൊഴിലാളികളെ പൊതുസമ്മേളനത്തില്‍ എത്തിക്കണമെന്ന് കമ്പനികള്‍ക്കും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും എംബസി നോട്ടീസ് നല്‍കിയിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിപാടിയില്‍ ഓരോ കമ്പനികളും എത്രയാളുകളെ പങ്കെടുപ്പിക്കണമെന്നും ഇവര്‍ക്കായി വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു.

എംബസി നിര്‍ദേശപ്രകാരം വിവിധ സ്‌കൂളുകള്‍ ആയിരത്തിലധികം കുട്ടികളെ എത്തിച്ചിരുന്നു. ഇതിനായി പല ക്ലാസുകള്‍ക്കും അവധിയും നല്‍കിയിരുന്നു. തലേദിവസം മാത്രം അറിയിപ്പ് കിട്ടിയതിനാല്‍ പല സ്ഥാപനങ്ങള്‍ക്കും പകരം സംവിധാനമേര്‍പ്പെടുത്തി ജീവനക്കാരെ പരിപാടിക്കായി എത്തിക്കാന്‍ കഴിഞ്ഞില്ല. ഉച്ചക്ക് രണ്ടരയോടൈ തന്നെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു. എങ്കിലും പരിപാടി പ്രതീക്ഷിച്ചതിലുമേറെ വൈകിയതിനാല്‍ കുട്ടികള്‍ അസ്വസ്ഥരായി.

ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണെങ്കിലും മോദിയുടെ ഞായറാഴ്ചത്തെ പരിപാടിയില്‍ മലയാളി സാന്നിധ്യം കുറവായിരുന്നു. ഉത്തരേന്ത്യന്‍ തൊഴിലാളികളാണ്  കൂടുതലായി
പൊതുസമ്മേളനത്തിനെത്തിയത്.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പാസുകള്‍ വിതരണത്തിനായി പരാമവധി ശ്രമം നടത്തിയിരുന്നു. സോഷ്യല്‍ ക്ലബിന് ഒമാനില്‍ ഏഴായിരത്തോളം അംഗങ്ങളാണുള്ളത്. ഇവരും ഇവരുടെ പരിചയക്കാരുമൊക്കെ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബിജെപി അനുഭാവികളും പരമാവധി ആളുകളെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയിരുന്നു.

അതേസമയം, ഇടത്, കോണ്‍ഗ്രസ് അനുഭാവികള്‍ ഓണ്‍ലൈനില്‍ പാസുകള്‍ ബുക്ക് ചെയ്തശേഷം മനപ്പൂര്‍വം വരാതിരുന്ന് എണ്ണം കുറയ്ക്കാന്‍ ശ്രമിച്ചതാണെന്നാണ് ബിജെപി വൃത്തങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. രണ്ടായിരത്തോളം പേരാണ് ഇങ്ങനെ ബുക്ക് ചെയ്തശേഷം പാസ് വാങ്ങാന്‍ എത്താതിരുന്നെന്ന് അവര്‍ പറയുന്നു. പാസ് വാങ്ങിയവരില്‍ പലരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ലെന്നും അവര്‍ അറിയിച്ചു.  പ്രവൃത്തി ദിവസമായതാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ജനപങ്കാളിത്തം കുറയാന്‍ കാരണമെന്നാണ് ബിജെപി വൃത്തങ്ങളും അനുഭാവികളും സംഘാടകരും ചൂണ്ടിക്കാട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top