സംസ്‌കാരത്തിന് വിരുദ്ധമെന്ന് ആരോപണം; ‘പാഡ്മാന്’ പാകിസ്താനില്‍ വിലക്ക്‌

ചിത്രത്തില്‍ നിന്നുള്ള ദൃശ്യം

ഇസ്‌ലാമാബാദ്: അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘പാഡ്മാന്’ പാകിസ്താനില്‍ വിലക്ക്. ചിത്രം പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

സാമൂഹ്യപ്രവര്‍ത്തകനായ അരുണാചലം മുരുഗാനന്ദത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. ആര്‍ത്തവം, സാനിറ്ററി പാഡ് എന്നിവയെക്കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നതാണ് പാക് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിലെ വിഷങ്ങള്‍ പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നായിരുന്നു വാദം. വിലക്കപ്പെട്ട വിഷയങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ടെന്ന് കാട്ടി പഞ്ചാബ് സെന്‍സര്‍ ബോര്‍ഡും പാഡ്മാന് പ്രദര്‍ശനാനുമതി നിരോധിച്ചിരുന്നു. ചിത്രത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബോര്‍ഡ് നിഷേധിച്ചു.

വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ട്വിങ്കിള്‍ ഖന്നയാണ്. രാധിക ആപ്‌തെ, സോനം കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top