123-ാമത് മാരാമണ്‍ കണ്‍വന്‍ഷനായി പമ്പാ മണല്‍പ്പുറത്ത് വിശ്വാസ തീരം ഒരുങ്ങി; കണ്‍വന്‍ഷന്‍ ഇന്ന് തുടങ്ങും

തെളിമ മങ്ങാത്ത പമ്പയുടെ മണല്‍പ്പുറത്ത് 123-ാമത് മാരാമണ്‍ കണ്‍വന്‍ഷനായി വിശ്വാസ തീരം ഒരുങ്ങി. തിരുവചന സത്യങ്ങളുടെ പൊരുള്‍ തേടി ക്രൈസ്തവ ലക്ഷങ്ങള്‍ ഇനിയുള്ള എട്ട് നാള്‍ മാരാമണ്ണിന്റെ മണ്ണിലേക്ക് പ്രവഹിക്കും. നൂറ്റി ഇരുപത്തിമൂന്നാമത് മാരാമണ്‍ കണ്‍വന്‍ഷനാണ് ഇത്തവണ നടക്കുന്നത്. 1895ല്‍ ആണ് മാരാമണ്‍ കണ്‍വന്‍ഷന്റെ തുടക്കം

ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭ അദ്ധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് ഡോ യു യാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.

ബിഷപ്പ് പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്‌ളോറിഡ), റവ. ഡോ വിനോദ് വിക്ടര്‍ (തിരുവനന്തപുരം), ഡോ ആര്‍ രാജ് കുമാര്‍(ഡെല്‍ഹി), റവ. ഡോ ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ) എന്നിവരാണ് ഇത്തവണത്തെ മുഖ്യ പ്രസംഗകര്‍.

12 മുതല്‍ 17 വരെ രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് 6.30നും യോഗങ്ങള്‍ നടക്കും. 13ന് രാവിലത്തെ യോഗത്തില്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രസംഗിക്കും. 14ന് രാവിലെ പത്തിന് എക്യുമിനിക്കല്‍ സമ്മേളനം നടക്കും. അന്ന് ഉച്ചയ്ക്ക് 2ന് സാമൂഹ്യ തിന്‍മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനം നടക്കും. പതിനഞ്ച് മുതല്‍ പതിനേഴ് വരെ യുവവേദി യോഗങ്ങള്‍ ഉണ്ടാകും. 17ന് ഉച്ചകഴിഞ്ഞ് മിഷണറിയോഗം നടക്കും.

കണ്‍വന്‍ഷന്‍ നഗറിലും പരിസരങ്ങളിലും പ്‌ളാസ്റ്റിക്ക്, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ത്തോമ്മാ സഭയുടെ മിഷണറി പ്രസ്ഥാനമായ സന്നദ്ധസുവിശേഷ പ്രസംഗ സംഘമാണ് കണ്‍വെന്‍ഷന്റെ സംഘാടകര്‍. ഫെബ്രുവരി 18ന് കണ്‍വന്‍ഷന്‍ സമാപിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top