നൂറാം മത്സരം, ധവാന്‍ ക്രീസിലെത്തിയപ്പോഴും മടങ്ങിയപ്പോഴും കുറിച്ചത് രണ്ട് റെക്കോര്‍ഡുകള്‍

വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കുറിച്ചത് രണ്ട് വ്യക്തിഗത നേട്ടങ്ങളാണ്. ക്രീസിലെത്തി ഒരു റണ്‍പോലും നേടുന്നതിന് മുന്‍പ് നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന  റെക്കോര്‍ഡാണ് ധവാന്‍ മറികടന്നത്. പിന്നാലെ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോഴും ധവാന്‍ ഒരു നേട്ടം കുറിച്ചു.

കരിയറിലെ തന്റെ നൂറാം ഏകദിനത്തിനായിരുന്നു ധവാന്‍ വാണ്ടറേഴ്‌സില്‍ ഇറങ്ങിയത്. ക്രീസില്‍ എത്തി ഒരു റണ്‍പോലും നേടും മുന്‍പ് ധവാന്‍ കുറിച്ചത് 100 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി. ഇക്കാര്യത്തില്‍ റെക്കോര്‍ഡുകളുടെ തോഴന്‍ കോഹ്‌ലിയെയാണ് ധവാന്‍ മറികടന്നത്. 100 മത്സരങ്ങളില്‍ 4,200 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 99 മത്സരങ്ങളില്‍ നിന്ന് തന്നെ ഇത്രയും റണ്‍സ് നേടിയിരുന്ന ധവാന്റെ സമ്പാദ്യം 100 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 4309 റണ്‍സായി. കോഹ് ലിക്ക് ഇത്രയും മത്സരങ്ങളില്‍ നേടാനായത് 4,107 റണ്‍സ്. ധവാന്‍ 12 സെഞ്ച്വറികളും 25 അര്‍ദ്ധ സെഞ്ച്വറികളും ഇക്കാലയളവില്‍ നേടി.

നൂറ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലാണ്. 4,808 റണ്‍സാണ് അംല ഇത്രയും മത്സരങ്ങളില്‍ സ്വന്തമാക്കിയത്. ഇന്നലത്തെ നേട്ടത്തോടെ ധവാന്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കോഹ്‌ലി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 4,217 റണ്‍സുമായി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം മത്സരത്തില്‍ ധവാന്‍ കരിയറിലെ പതിമൂന്നാം ഏകദിന സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതോടെ നൂറാം മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍നേട്ടവും ധവാന്‍ സ്വന്തം പേരില്‍ കുറിച്ചു. 105 പന്തില്‍ 109 റണ്‍സായിരുന്നു ധവാന്‍ സ്വന്തമാക്കിയത്. ഇതില്‍ പത്ത് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു. പക്ഷെ ധവാന്റെ മികച്ച ഇന്നിംഗ്‌സിനും ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top