കണ്ണൂരില്‍ വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം, ഏഴ് പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: പാനൂര്‍ വളള്യായി, പാത്തിപ്പാലം ഭാഗങ്ങളില്‍ ഉണ്ടായ സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്. അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്

ശനിയാഴ്ച രാത്രി 11.30 ഓടെ വളള്യായിലെ ഒരു കല്യാണ വീട്ടില്‍ വച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. അക്രമത്തില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. പാത്തിപ്പാലം സ്വദേശികളായ മുക്രീന്റവിട ഷിബു, ചന്ദ്രനിലയത്തില്‍ ഷിന്റോ, പൂള പറമ്പത്ത് ജസ്വന്ത്, എടച്ചേരി പ്രവീണ്‍, ബബിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിന്റെ തുടര്‍ച്ചയെന്നോണം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായത്. പരുക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ്, റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. ഇരുസംഭവങ്ങളിലും പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ കനത്ത പൊലീസ് സന്നാഹത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top