പൊന്നുരുന്നി കോണ്‍വെന്റ് സ്‌കൂള്‍ ഹോസ്റ്റലില്‍ വാര്‍ഡന്റെ പീഡനം; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: എറണാകുളം പൊന്നുരുന്നിയില്‍ ക്യാസ്ത്രീകളുടെ സ്‌കൂള്‍ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് നേര്‍ക്കുണ്ടായ പീഡനത്തെ തുടര്‍ന്ന് കടവന്ത്ര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊന്നുരുന്നി ക്രൈസ്റ്റ് ദ് കിംഗ് കോണ്‍വെന്റ് (സികെസി) ഹോസ്റ്റലിലാണ് സംഭവം.

സികെസി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ നടത്തിന്ന ബോര്‍ഡിംഗിലുള്ളത്. ഇവിടുത്തെ 20- തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പീഡനമേറ്റത്. ഹോസ്റ്റലിലെ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനമേല്‍പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കന്യാസ്ത്രീമാര്‍ കടുത്ത രീതിയില്‍ ശിക്ഷണത്തിന് ഇരയാക്കിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കുട്ടികളുടെ പരാതി. ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് ഹോസ്റ്റലിലുള്ളത്.

ഹോസ്റ്റലില്‍ താമസിക്കുന്ന ഇരുപതോളം കുട്ടികളാണ് പീഡനത്തിനെതിരെ പരാതിയുമായെത്തിയത്. കഴിഞ്ഞദിവസം രാത്രി ഹോസ്റ്റലിന് വെളിയില്‍ വന്ന കുട്ടികള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും ഭക്ഷണം തരാതെ പട്ടിണിക്കിട്ടെന്നും കുട്ടികള്‍ പറഞ്ഞു. നേരത്തെ മുതല്‍ കോണ്‍വെന്റ് ഹോസ്റ്റലില്‍ കടുത്ത പീഡനമാണെന്നും കഴിഞ്ഞ ഒരാഴ്ചയായി പീഡനം സഹിക്കാതായതോടെയാണ് തങ്ങള്‍ പുറത്തുവന്ന് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടവന്ത്രപൊലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നാലുമണിക്കൂറോളമെടുത്താണ് പൊലീസ് കുട്ടികളുടെ മൊഴിയെടുത്തത്. 20 കുട്ടികളും തങ്ങളുടെ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ജൂവൈനല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ്. കുട്ടികളുടെ വാര്‍ഡന്‍ അംബികാമ്മയ്ക്കും സ്ഥാപനത്തിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, സഭാ സ്ഥാപനത്തിനെതിരേ ഉയര്‍ന്ന ആരോപണത്തെ കത്തോലിക്കാ സഭാ നേതൃത്വം ഗൗരവമായാണ് കാണുന്നത്. സഭ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചുവന്നാണ് വിവരം. കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യം അന്വേഷിക്കാന്‍ സ്ഥാപനത്തിന്റെ ചുമതലുള്ള പുരോഹിതനോട് സഭാ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top