മഴ കളിച്ചു; നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം

ദക്ഷിണാഫ്രിക്കന്‍ ടീം പിങ്ക് ജഴ്‌സിയില്‍

ജോഹാനസ്ബര്‍ഗ്: വാണ്ടേറേഴ്‌സിലും ജയിച്ച് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി മഴ കളിച്ചതോടെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ശിഖര്‍ ധവാന്റെ സെഞ്ചുറിയും നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധസെഞ്ചുറിയുടെയും മികവില്‍ 289 റണ്‍സ് നേടി മികച്ച പ്രകടനം ഇന്ത്യ കാഴ്ചവച്ചെങ്കിലും മഴയെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 എന്ന് പരിമിതപ്പെടുത്തി. ഈ ലക്ഷ്യം 25.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നതോടെ ഇന്ത്യക്ക് ഈ ഏകദിന പരമ്പരയിലെ ആദ്യപരാജയം.

കരിയറിലെ 13-ാം സെഞ്ച്വറിയാണ് ധവാന്‍ വാണ്ടറേഴ്‌സില്‍ കുറിച്ചത്. 105 പന്തുകള്‍ നേരിട്ട ധവാന്‍ 109 റണ്‍സെടുത്തു. തകര്‍ത്തടിച്ച് മുന്നേറിയ അദ്ദേഹത്തെ മോണി മോര്‍ക്കലിന്റെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടിച്ച് പുറത്താക്കുകയായിരുന്നു. കോഹ്‌ലി 83 പന്തില്‍ 75 റണ്‍സെടുത്തു. ഇവര്‍ക്ക് പുറമെ ധോണിയും ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ധോണി 42 റണ്‍സും ശ്രേയസ് 18 റണ്‍സും സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ രോഹിത് ശര്‍മ്മ(5) ഇത്തവണയും നിരാശപ്പെടുത്തി. അജിന്‍ക്യ രഹാന(8), ഹാര്‍ദ്ദിക് പണ്ഡ്യ(9), ഭുവനേശ്വര്‍ കുമാര്‍(5) എന്നിവര്‍ കാര്യമായ സംഭാവന നല്‍കുന്നതിന് മുന്നേ മടങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 20-ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മയെ പുറത്താക്കി റബാഡയാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന് ധവാനും കോഹ്‌ലിയും ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.  ഇതോടെയാണ് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറിൽ 202 റണ്‍സെന്ന നിലയിലേക്ക് വെട്ടിച്ചുരുക്കിയത്. പിന്നീട് ട്വന്‍റി-20 സ്റ്റൈലിൽ ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കൻ താരങ്ങളെയാണ് കാണാൻ സാധിച്ചത്. ക്യാപ്റ്റൻ ഏഡൻ മർ‌ക്‌‍റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് മികച്ച ബാറ്റിംഗ് കാഴ്ചവച്ചത്.

സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍

വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇറങ്ങിയത് തങ്ങളുടെ ഭാഗ്യനിറമായ പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ്. ഈ നിറം പ്രതീക്ഷിക്കപ്പെട്ടതുപോലെ അവര്‍ക്ക് ഭാഗ്യവും വിജയം കൊണ്ടുവന്നു.
നേരത്തെ പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കളിച്ച അഞ്ച്‌ മത്സരങ്ങളിലും അവര്‍ എതിരാളികളുടെ നിറംകെടുത്തിയിരുന്നു.  വാണ്ടറേഴ്‌സിലും ഈ പതിവ് തെറ്റിയില്ല.മഴ കളിമുടക്കുന്ന മത്സരങ്ങളിലെ ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമം മുന്‍പ് പലപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ഭാഗ്യമാണ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ വാണ്ടറേഴ്‌സില്‍ ഈ പതിവ് തിരുത്താനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു.

തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹം വാണ്ടറേഴ്‌സില്‍ പൊലിഞ്ഞെങ്കിലും നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇനി രണ്ടവസരം കൂടിയുണ്ട്. 13 ന് അഞ്ചാം ഏകദിനം പോര്‍ട്ട് എലിസബത്തിലും അവസാനം ഏകദിനം 16 ന് സെഞ്ചൂറിയനിലുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top