വാണ്ടറേഴ്‌സില്‍ ധവാന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം

സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍

വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രനേട്ടത്തിനിറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടേയും മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ, ലുംഗി എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

കരിയറിലെ 13-ാം സെഞ്ച്വറിയാണ് ധവാന്‍ വാണ്ടറേഴ്‌സില്‍ കുറിച്ചത്. 105 പന്തുകള്‍ നേരിട്ട ധവാന്‍ 109 റണ്‍സെടുത്തു. തകര്‍ത്തടിച്ച് മുന്നേറിയ അദ്ദേഹത്തെ മോണി മോര്‍ക്കലിന്റെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടിച്ച് പുറത്താക്കുകയായിരുന്നു. കോഹ്‌ലി 83 പന്തില്‍ 75 റണ്‍സെടുത്തു. ഇവര്‍ക്ക് പുറമെ ധോണിയും ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ധോണി 42 റണ്‍സും ശ്രേയസ് 18 റണ്‍സും സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ രോഹിത് ശര്‍മ്മ(5) ഇത്തവണയും നിരാശപ്പെടുത്തി. അജിന്‍ക്യ രഹാന(8), ഹാര്‍ദ്ദിക് പണ്ഡ്യ(9), ഭുവനേശ്വര്‍ കുമാര്‍(5) എന്നിവര്‍ കാര്യമായ സംഭാവന നല്‍കുന്നതിന് മുന്നേ മടങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 20-ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മയെ പുറത്താക്കി റബാഡയാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന് ധവാനും കോഹ്‌ലിയും ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു. ഇന്ന് മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിനപരമ്പര നേട്ടം എന്ന ചരിത്രമാണ് കോഹ്‌ലിയും സംഘവും കുറിക്കുക. ആറ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കാനായാല്‍ അത് ചരിത്രനേട്ടമാകും.

അതേസമയം പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാന്‍ ആതിഥേയര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ ഡുപ്ലെസി, ഓപ്പണര്‍ ഡി കോക്ക് എന്നിവര്‍ പരുക്കിന്റെ പിടിയിലാണ്. ഏത് ബൗളിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള എബിഡിയുടെ മടങ്ങിവരവ് ദക്ഷിണാഫ്രിക്കയ്ക്ക് ആശയും ഇന്ത്യയ്ക്ക് അല്‍പം ആശങ്കയുമാണ് നല്‍കുന്നത്. ഒറ്റയ്ക്ക് മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് എബിഡി. ഏകദിനക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചറി എബിഡി സ്വന്തം പേരില്‍ ചേര്‍ത്തത് ഈ ഗ്രൗണ്ടില്‍ വെച്ചാണ്.

ദക്ഷിണാഫ്രിക്ക ഇന്ന് തങ്ങളുടെ ഭാഗ്യനിറമായ പിങ്ക് ജെഴ്‌സി അണിഞ്ഞാണ് കളത്തില്‍ ഇറങ്ങിയത്. ഈ നിറത്തിലാണ് അവരുടെ പ്രതീക്ഷയും. കാരണം പിങ്ക് നിറത്തില്‍ കളത്തിലിറങ്ങിയപ്പോഴൊക്കെയും എതിരാളികളുടെ നിറം കെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ജെഴ്‌സിയില്‍ ഇറങ്ങിയ അഞ്ച് മത്സരങ്ങളിലും വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇന്ത്യയുടെ തുറുപ്പചീട്ട്. ആദ്യ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഈ റിസ്റ്റ് സ്പിന്നര്‍മാരായിരുന്നു. രണ്ട് പേരും കൂടി ഇതിനോടകം വീഴ്ത്തിയത് 21 വിക്കറ്റുകള്‍. ഇരുവരെയും എങ്ങനെ മെരുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ആതിഥേയരുടെ വിജയസാധ്യതകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top