നാലാം ഏകദിനം ഇന്ന്, ചരിത്രനേട്ടത്തിനരികെ ഇന്ത്യ; പിങ്കിന്റെ ഭാഗ്യം തേടി ദക്ഷിണാഫ്രിക്ക

വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യ ചിലപ്പോള്‍ ഒരു ചരിത്രം കുറിച്ചേക്കാം. ഇന്ന് മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിനപരമ്പര നേട്ടം എന്ന ചരിത്രമാണ് കോഹ്‌ലിയും സംഘവും കുറിക്കുക. ആറ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അനിഷേധ്യ ലീഡ് നേടിക്കഴിഞ്ഞു. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അത് ചരിത്രനേട്ടമാകും. അതേസമയം പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാന്‍ ആതിഥേയര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.

മൂന്ന് മത്സരങ്ങളിലും ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. ആദ്യ ഏകദിനം ആറു വിക്കറ്റിനും രണ്ടാം ഏകദിനം ഒന്‍പത് വിക്കറ്റിനും ജയിച്ച് ഇന്ത്യ മൂന്നം മത്സരത്തില്‍ 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പരുക്കുകളും കൂടിച്ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ ഡുപ്ലെസി, ഓപ്പണര്‍ ഡി കോക്ക് എന്നിവര്‍ പരുക്കിന്റെ പിടിയിലാണ്.

ഏത് ബൗളിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള എബിഡിയുടെ മടങ്ങിവരവ് ദക്ഷിണാഫ്രിക്കയ്ക്ക് ആശയും ഇന്ത്യയ്ക്ക് അല്‍പം ആശങ്കയുമാണ് നല്‍കുന്നത്. ഒറ്റയ്ക്ക് മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് എബിഡി. ഏകദിനക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചറി എബിഡി സ്വന്തം പേരില്‍ ചേര്‍ത്തത് ഈ ഗ്രൗണ്ടില്‍ വെച്ചാണ്.

ദക്ഷിണാഫ്രിക്ക ഇന്ന് തങ്ങളുടെ ഭാഗ്യനിറമായ പിങ്ക് ജെഴ്‌സി അണിഞ്ഞാണ് ഇറങ്ങുന്നത്. ഈ നിറത്തിലാണ് അവരുടെ പ്രതീക്ഷയും. കാരണം പിങ്ക് നിറത്തില്‍ കളത്തിലിറങ്ങിയപ്പോഴൊക്കെയും എതിരാളികളുടെ നിറം കെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ജെഴ്‌സിയില്‍ ഇറങ്ങിയ അഞ്ച് മത്സരങ്ങളിലും വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തരമത്സര കലണ്ടറില്‍ ചുവപ്പ് വട്ടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പിങ്ക് ഡേയിലെ മത്സരം ആരാധകര്‍ നിര്‍ബന്ധമായും കണ്ടിരിക്കണം എന്നാണ്. കളിക്കാര്‍ മാത്രമല്ല, കളി കാണാനെത്തുന്ന ആരാധകരും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തുന്നത്. ഈ മത്സരത്തിലൂടെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന 53 ലക്ഷത്തോളം രൂപ ജൊഹന്നാസ്ബര്‍ഗിലെ സ്തനാര്‍ബുദ ചികിത്സാകേന്ദ്രമായ ചാര്‍ലറ്റ് മാക്‌സെക്കെ അക്കാദമി ആശുപത്രിക്ക് നല്‍കും.

കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇന്ത്യയുടെ തുറുപ്പചീട്ട്. ആദ്യ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഈ റിസ്റ്റ് സ്പിന്നര്‍മാരായിരുന്നു. രണ്ട് പേരും കൂടി ഇതിനോടകം വീഴ്ത്തിയത് 21 വിക്കറ്റുകള്‍. ഇരുവരെയും എങ്ങനെ മെരുക്കും എന്നതിനെ ആശ്രയിച്ചിരിക്കും അതിഥേയരുടെ വിജയസാധ്യതകള്‍. അക്കാര്യത്തില്‍ എബിഡി വിജയിച്ചാല്‍ ഒരു പക്ഷെ മത്സരഫലം അവര്‍ക്ക് അനുകൂലമാകും.

ഇന്ത്യയെ സംബന്ധിച്ച് ആശങ്കകള്‍ ഒന്നുമില്ല. ബാറ്റിംഗ് ആവശ്യമായ സമയത്തെല്ലാം മികവ് പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഫോമാണ് അതിന്റെ അടിസ്ഥാനം. ഒപ്പം ഓപ്പണര്‍ ധവാനും മികവിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഓപ്പണറായ രോഹിത് ശര്‍മ, മധ്യനിര താരം കേദാര്‍ ജാദവ്, ധോണി എന്നിവര്‍ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. പരുക്കിനെ തുടര്‍ന്ന് ജാദവിന് ഇന്നത്തെ മത്സരം നഷ്ടമാകും. അങ്ങനെയെങ്കില്‍ മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെങ്കിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top