‘ബിയോണ്ട് പിങ്ക്’ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി ഒരു ആപ്പ്

‘ബിയോണ്ട് പിങ്ക്’ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി ഒരു ആപ്പ്. ഡോ. ബിന്ദു എസ് നായര്‍ എന്ന സാമൂഹ്യസംരംഭക നേതൃത്വം നല്‍കുന്ന ടീമാണ് സ്ത്രീകള്‍ക്കാവശ്യമായ വിവരങ്ങള്‍ സൗജന്യമായി അപ്പപ്പോള്‍ എത്തിച്ചു നല്‍കുന്ന ഈ ആപ്പിന്റെ പിന്നില്‍.

സ്ത്രീകളുടെ മുന്നേറ്റത്തിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്ന കേരളം പോലുള്ള പ്രദേശങ്ങളില്‍പ്പോലും ഒരുപാട് മേഖലകളില്‍ സ്ത്രീകള്‍ ഇപ്പോഴും പിന്തള്ളപ്പെട്ടു പോകുന്നത് ഒട്ടേറെ വിഷയങ്ങളില്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും വലിയ താല്‍പ്പര്യമോ പിടിപാടോ ഇല്ലാത്തതുകൊണ്ടാണ്. ഉദാഹരണത്തിന് ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ പല മേഖലകളിലും മിക്കവാറും സ്ത്രീകള്‍ക്ക് വലിയ അറിവില്ല. അക്ഷരാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല. കാരണം, അറിവാണ് മുന്നേറ്റത്തിന്റെ പ്രധാന ആയുധം. അറിവില്ലായ്മയുടെ ഈ വിടവ് നികത്താനാണ് ബിയോണ്ട് പിങ്ക് എന്ന ആപ്പിന്റെ വരവ്. ഇന്നത്തെ സ്ത്രീ ആവശ്യപ്പെടുന്ന വിവരങ്ങളല്ല നാളത്തെ സ്ത്രീയാകാന്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ആപ്പ് അപ്പപ്പോള്‍ എത്തിച്ചു നല്‍കുന്നത്.

ഒരേ സമയം വിവരങ്ങള്‍ നല്‍കാനും സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമേകാനും ലക്ഷ്യമിട്ടുള്ളതാണ് ആപ്പിന്റെ രൂപകല്‍പ്പന. വിവിധ മേഖലകളിലെ സ്ത്രീകളുടെ വിജയകഥകള്‍ ആപ്പിന്റെ ഭാഗമാണ്. ആപ്പ് ഉപയോഗിക്കുന്നവരെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം. പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്ന ബീപ്പുകളാണ് ഇതിന്റെ പ്രധാന സവിശേഷത. ബിയോണ്ട് പിങ്ക് പവര്‍ സമ്മറീസിന്റെ ചുരുക്കപ്പേരായാണ് ബീപ്പ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ആപ്പ് ഇവിടെനിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

‘സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവര്‍ക്കിടയിലുള്ള ഇന്‍ഫര്‍മേഷന്‍ ഗ്യാപ്പാണ്. ഈ വിടവാണ് ബിയോണ്ട് പിങ്ക് നികത്താന്‍ ശ്രമിക്കുന്നത്. അല്ലാതെ ഫെമിനിസത്തിന്റെ കൊടി പിടിക്കലോ പുരുഷന്മാരോട് മത്സരിക്കലോ ഞങ്ങളുടെ ലക്ഷ്യമല്ല. മൃദുത്വത്തിന്റേയും ലോലതയുടേയും പ്രതീകമാണ് പിങ്ക്. സ്ത്രീകളെ പ്രതിനിധീകരിക്കുന്ന നിറം. അതില്‍ മോശമൊന്നുമില്ല, കാരണം സ്ത്രീകള്‍ക്ക് ആ ലോലത്വം വേണം. എന്നാല്‍ സ്ത്രീകള്‍ക്ക് ചെയ്യാനും നേടാനുമായി വലിയ കാര്യങ്ങള്‍ വേറെയുമുണ്ട്. പിങ്കില്‍ തളച്ചിടേണ്ടവരല്ല, പിങ്കിനപ്പുറം സാധ്യതകളുള്ളവരാണ് സ്ത്രീകള്‍ എന്നു മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ ബിയോണ്ട് പിങ്കിന്റെ ശില്‍പ്പിയായ ബിയോണ്ട് മീഡിയ ലാബ്‌സിന്റെ സ്ഥാപകയും സിഇഒയുമായ ഡോ. ബിന്ദു എസ് നായര്‍ പറയുന്നു.

മാനജ്‌മെന്റ് വിദഗ്ധ, പ്രസിദ്ധയായ എച്ച്ആര്‍ പ്രൊഫഷണല്‍ തുടങ്ങിയ മേഖലകളില്‍ ആഗോള കമ്പനികളിലുള്‍പ്പെടെ 22 വര്‍ഷത്തെ അനുഭവസമ്പത്താണ് ബിയോണ്ട് പിങ്ക് പോലൊരു സ്ത്രീശാക്തീകരണ ആപ്പ് പുറത്തിറക്കാന്‍ ഡോ. ബിന്ദുവിന് പ്രേരണയായത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിയോണ്ട് മീഡിയ ലാബ്‌സിന്റെ പത്തംഗ ടീമാണ് ഒരു ദിവസം പല തവണ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആ ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഓര്‍ഗനൈസേഷന്‍ ബിഹേവിയറില്‍ പിഎച്ച്ഡി ബിരുദമുള്ള ഡോ. ബിന്ദു സ്ത്രീശാക്തീകരണരംഗത്തെ ലേഖനങ്ങള്‍, പഠനങ്ങള്‍, പ്രസംഗപരമ്പരകള്‍ എന്നിവകളിലൂടെയും പ്രസിദ്ധയാണ്. 2015ലെ ഏഷ്യാ പസഫിക് എച്ച്ആര്‍ കോണ്‍ഗ്രസ്സില്‍ ഏഷ്യയില്‍ നിന്നുള്ള ഏറ്റവും സ്വാധീനം ചെലുത്തുന്ന എച്ച്ആര്‍ പ്രൊഫഷണല്‍, 2016ലെ വേള്‍ഡ് എച്ച്ആര്‍ഡി കോണ്‍ഗ്രസില്‍ ഡൈവേഴ്‌സിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും ഇക്കാലത്തിനിടെ ഡോ. ബിന്ദുവിന് ലഭിച്ചിട്ടുണ്ട്. 2003ല്‍ പ്രസിദ്ധീകരിച്ച ക്രിയേറ്റ് യുവര്‍ ഓണ്‍ സ്‌ക്‌സസ് സ്‌റ്റോറി എന്ന പുസ്തകത്തിന്റെ കര്‍ത്താവു കൂടിയായ ഡോ. ബിന്ദു നാസ്‌കോം, സിഐഐ പ്ലാറ്റ്‌ഫോമുകളിലും ഒരു പരിചിതമുഖമാണ്.

ബിയോണ്ട് പിങ്കിന്റെ ഉള്ളടക്കത്തില്‍ പകുതിയോളവും സ്ത്രീസംബന്ധിയാണെന്ന് ഡോ. ബിന്ദു നായര്‍ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ വിവരങ്ങള്‍ എത്തിക്കുമ്പോള്‍ത്തന്നെ ലളിതമായ ഉപയോഗക്രമമാണ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്. പവര്‍ സ്‌റ്റോറികള്‍ക്കു പുറമെ ഷീഹീറോ, വിമെന്റര്‍ തുടങ്ങിയ വിഭാഗങ്ങളും ബിയോണ്ട് പിങ്കിലുണ്ട്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ആപ് വൈകാതെ ഐഒഎസ് ഫോണുകളിലേയ്ക്കും എത്തിക്കുമെന്നും ഡോ. ബിന്ദു എസ് നായര്‍ പറഞ്ഞു. സ്ത്രീകള്‍ സ്വതവേ ഇഷ്ടപ്പെട്ട ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് എന്നീ വിഷയങ്ങള്‍ക്കു പുറമെ പരിസ്ഥിതി, സയന്‍സ്, സ്‌പോര്‍ട്‌സ്, പൊളിറ്റിക്‌സ്, ബിസിനസ് തുടങ്ങിയ മേഖലകളിലും ലോകമെങ്ങും നടക്കുന്ന സംഭവവികാസങ്ങളും മുന്നേറ്റങ്ങളുമാണ് ഈ ആപ്പിലൂടെ നല്‍കിവരുന്നത്.

പ്ലേസ്‌റ്റോറില്‍ ബിയോണ്ട് പിങ്ക് എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top