രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ തനിക്ക് വിശ്വസ്തനായ ഉപദേഷ്ടാവാണെന്ന് കമല്‍ ഹാസന്‍

ഫയല്‍ചിത്രം

ചെന്നെെ: രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് എന്നും തന്റെ അഭിപ്രായം തുറന്നുപറഞ്ഞിട്ടുള്ള ചുരുക്കം താരങ്ങളില്‍ ഒരാളാണ് നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയപരമായ തന്റെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തമിഴ് വാരികയായ ആനന്ദവികടനിലെ തന്റെ ലേഖനത്തിലാണ് കമല്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്.

രാഷ്ട്രീയപരമായ എല്ലാ സംശയങ്ങള്‍ക്കും പിണറായി വിജയനെ വിളിച്ച് ഉപദേശം തേടാറുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നതിന്റെ ഭാഗമായിട്ടില്ല താന്‍ ഇങ്ങനെ ചെയ്യുന്നത്. മറിച്ച് അവരുടെ രാഷ്ട്രീയ അനുഭവം മനസ്സിലാക്കാനായിരുന്നു. കമല്‍ പറയുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആദ്യം പിന്തുണ നല്‍കിയ നേതാവ് പിണറായി വിജയനായിരുന്നുവെന്നും മറ്റ് രാഷ്ട്രീയ നേതാക്കളുമായും താന്‍ ഇത്തരത്തില്‍ ആശയവിനിമയം നടത്താറുണ്ടെന്നും കമല്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തിലെത്തിയ കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ രജനീകാന്തിന് പിന്നാലെ കമല്‍ ഹാസനും തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. വരുന്ന ഫെബ്രുവരി 21ന് കമല്‍ഹാസന്‍ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top